നടുവില്‍: അവിടത്തുകാവിനോട് ചേര്‍ന്ന് കോടതി ഉത്തരവിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ചെങ്കല്‍ഖനനം വീണ്ടും തുടങ്ങിയതായി പരാതി. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ജൈവവൈവിധ്യ സമ്പന്നവുമായ ചുഴലി വില്ലേജിലെ മാവിലം പാറയിലാണ് കാവ്. കല്ലുവെട്ടുനടക്കുന്ന ഭൂമി കാവിന്റേതാണെന്ന പരാതിയില്‍ കഴിഞ്ഞവര്‍ഷം കോടതി ഖനനം തടഞ്ഞിരുന്നു. ഇതുസംബന്ധിച്ച് കാഞ്ഞിരങ്ങാട്-പടപ്പേങ്ങാട് ദേവസ്വവും ഭൂമി കൈയേറ്റക്കാരും തമ്മിലുള്ള കേസ് നടന്നുവരികയാണ്. അവിടത്തുകാവിന് അഞ്ചേക്കര്‍ സ്ഥലം ദേവസ്വം എഴുതി നല്‍കിയതാണ്. തുടര്‍ച്ചയായ കൈയേറ്റത്തെത്തുടര്‍ന്ന് ഒരേക്കറില്‍ താഴെ സ്ഥലം മാത്രമാണ് കാവിന് അവശേഷിക്കുന്നത്.

വന്മരങ്ങളും കുറ്റിച്ചെടികളും വളര്‍ന്നുനിന്നിരുന്ന സ്ഥലം വെട്ടിവെളുപ്പിച്ചാണ് കഴിഞ്ഞവര്‍ഷം കല്ലുവെട്ടാന്‍ തുടങ്ങിയത്. ഒരുപാളി കല്ല് വെട്ടിക്കടത്തുകയും ചെയ്തു. കോടതി നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞത് വകവെയ്ക്കാതെയാണ് കഴിഞ്ഞദിവസം മുതല്‍ വീണ്ടും ഖനനം തുടങ്ങിയതെന്ന് കാവിന്റെ നടത്തിപ്പുകാര്‍ പറയുന്നു. ദേവസ്വം ഭൂമിയാണെന്ന് നാട്ടുകാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഇരുപതോളം കല്‍പ്പണകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദേവസ്വത്തിന് 3,300 ഏക്കര്‍ സ്ഥലം ഉണ്ടായിരുന്നു. ഇതില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് മിച്ചഭൂമിയായി പതിച്ചുനല്‍കിയതിനു ശേഷമുള്ള സ്ഥലങ്ങള്‍ അളന്നുതിട്ടപ്പെടുത്തിയിട്ടില്ല. അടുത്തകാലംവരെ ആരും തിരിഞ്ഞുനോക്കാതിരുന്ന സ്ഥലങ്ങള്‍ക്ക് വ്യാജ പട്ടയങ്ങള്‍ തയ്യാറാക്കിയാണ് കൈയേറ്റം നടത്തുന്നത്. അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുന്നതായും ആക്ഷേപമുണ്ട്. കല്‍പ്പണ നടത്തുന്നവരില്‍ ഭൂരിഭാഗവും ദൂരെസ്ഥലങ്ങളില്‍ ഉള്ളവരാണ്. ലൈസന്‍സോ അനുവാദമോ ഇല്ലാതെയാണ് ഖനനം.

സ്വാഭാവിക വനത്തിന്റെ ഗുണങ്ങള്‍ ഉള്ളതാണ് അവിടത്തു കാവ്. അപൂര്‍വങ്ങളായ ചെടികളും ഔഷധസസ്യങ്ങളും ധാരാളമുണ്ട്. വേനലില്‍പ്പോലും വറ്റാത്ത നീരുറവകളും ഉണ്ടായിരുന്നു. രണ്ടുവര്‍ഷമായി ഉറവകള്‍ നശിച്ച നിലയിലാണ്. മധ്യകാല ഘട്ടത്തിലേതെന്നുസംശയിക്കുന്ന ശില്പങ്ങളും കിണറും കാവിനുള്ളിലുണ്ട്.