മയ്യഴി: ഇന്ത്യയെമ്പാടും ഉപദേശീയത തലയുയര്‍ത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സര്‍ദാര്‍പട്ടേലും വി.പി. മേനോനും ഉപദേശീയതകളെ ചേര്‍ത്ത് രാഷ്ട്രം സൃഷ്ടിക്കുന്ന കാലത്ത് ലോകത്ത് ഉപദേശീയതകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നുവെന്നും പ്രമുഖ സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ പറഞ്ഞു.

മാഹി മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജില്‍ മലയാളബിരുദപഠനം ആരംഭിച്ചതിന്റെ മുപ്പതാംവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന എക്സ്റ്റന്‍ഷന്‍ പ്രഭാഷണപരമ്പരയില്‍ രാഷ്ട്രവും ഉപദേശീയതകളും കാറ്റലോണിയയെ മുന്‍നിര്‍ത്തി ചില വിചാരങ്ങള്‍ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

മലയാളി മെമ്മോറിയല്‍, ഐക്യകേരളപ്രസ്ഥാനം എന്നിവ രൂപപ്പെടുത്തിയ രണ്ട് ഉപദേശീയതകള്‍ ഉള്‍ച്ചേര്‍ന്നതാണ് കേരളം എന്നതിനാലാണ് ഇന്ത്യന്‍ സമൂഹത്തില്‍ നാം മുന്‍പന്തിയില്‍ നില്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും ഇത്തരം ദേശീയതാബോധം സൃഷ്ടിക്കുന്ന ചരിത്രമോ പൈതൃകമോ ഇല്ലെന്നും അതാണ് അവയുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.എം.മുകുന്ദന്‍ അധ്യക്ഷതവഹിച്ചു. നവംനവങ്ങളായ ആശയങ്ങളുടെ ലോകത്ത് നടക്കുന്ന സംവാദത്തിന്റെ ഇടങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്ന കാലത്ത് ഇതിനെ മറികടക്കാന്‍ സംവാദത്തിനുള്ള കൂടുതല്‍ ഇടങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് മയ്യഴിയുടെ കഥാകാരന്‍ പറഞ്ഞു. മുന്‍പ് എഴുത്തുകാരും ബുദ്ധിജീവികളും സംസാരിക്കുമ്പോള്‍ സദസ്സ് രൂപപ്പെടുമായിരുന്നെന്നും ഇന്നുള്ളത് ഉണ്ടാക്കപ്പെടുന്ന സദസ്സാണെന്നും അദ്ദേഹം പറഞ്ഞു.

എം.എം.സോമശേഖരന്‍, ഡോ. മഹേഷ് മംഗലാട്ട്, നജീബ് ചോമ്പാല, സി.പി.പുഷ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.