മട്ടന്നൂർ: ഇളകാത്ത ഇടതുകോട്ടയായാണ് മട്ടന്നൂർ എന്നും വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഇത്തവണത്തെ നഗരസഭാ തിരഞ്ഞെടുപ്പ് മട്ടന്നൂരിന്റെ ചുവപ്പിന് കൂടുതൽ കടുപ്പം നൽകി. എൽ.ഡി.എഫ് 28 സീറ്റുകളില് വിജയക്കൊടി പാറിച്ചു. കഴിഞ്ഞ തവണ 14 സീറ്റുകൾ നേടിയ യു.ഡി.എഫ് ഇക്കുറി വെറും ഏഴു സീറ്റിൽ ഒതുങ്ങി. ഒൻപതിടത്ത് രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി. വലിയ മുന്നേറ്റം നടത്തി. 
   ഏഴു സീറ്റുകളിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് യു.ഡി.എഫിന് കനത്ത ആഘാതമായി.   കഴിഞ്ഞ തവണ വിജയിച്ച മേറ്റടി, ഏളന്നൂർ, കോളാരി സീറ്റുകൾ കോൺഗ്രസിനും കളറോഡ്, നാലാങ്കേരി സീറ്റുകൾ ലീഗിനും നഷ്ടപ്പെട്ടു. ആണിക്കരിയിലെ തോൽവി ലീഗിന് കനത്ത തിരിച്ചടിയായി. സി.എം.പി (സി.പി.ജോൺ) വിഭാഗത്തിന് സീറ്റ് നിഷേധിച്ചാണ് യു.ഡി.എഫ് ഇത്തവണ ആണിക്കരി വാർഡ് ലീഗിന് നൽകിയത്. തുടർന്ന് തിരഞ്ഞെടുപ്പിൽ സഹകരിക്കില്ലെന്ന് സി.എം.പി. പ്രഖ്യാപിച്ചിരുന്നു. സി.പി.എം. സ്വതന്ത്രനായ കെ.മജീദ് 189 വോട്ടിനാണ് ഇവിടെ വിജയിച്ചത്. കൈയിലുള്ള എല്ലാ വാർഡുകളും നിലനിർത്തിയ എൽ.ഡി.എഫ്. മട്ടന്നൂർ, ടൗൺ വാർഡുകളിൽ മൂന്നാം സ്ഥാനത്തായി.
     ജനറൽ സീറ്റുകളിൽ വനിതാ സ്ഥാനാർഥികളെ മത്സരിപ്പിച്ച രണ്ടിടത്തും വിജയം നേടാൻ എൽ.ഡി.എഫിന് കഴിഞ്ഞു. ഏളന്നൂരിൽ ബിന്ദു പറമ്പൻ 113 വോട്ടിനും കീച്ചേരിയിൽ പി.പി. ഷാഹിന 248 വോട്ടിനും വിജയിച്ചു. മന്ത്രി കെ.കെ.ശൈലജയുടെ വാർഡായ ഇടവേലിക്കലിൽ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തി. എന്നാൽ എൽ.ഡി.എഫിന് 705 വോട്ട് കിട്ടിയപ്പോൾ ബി.ജെ.പിക്ക് 34വോട്ടും യു.ഡി.എഫിന് 29 വോട്ടും മാത്രമാണ് ഇവിടെ നേടാനായത്. 
ശക്തമായ മത്സരം നടന്ന പൊറോറ, ഏളന്നൂർ, മുണ്ടയോട്, കോളാരി, കരേറ്റ, മേറ്റടി എന്നിവിടങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ആധിപത്യം നേടി. കയനിയിൽ കനത്ത വെല്ലുവിളി അതിജീവിച്ചാണ് കോൺഗ്രസിലെ കെ.സുബൈദ 70 വോട്ടിന് വിജയിച്ചത്.