മട്ടന്നൂര്‍: ലൈറ്റ് അപ്രോച്ചിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പുനടപടി നീളുന്നതില്‍ പ്രതിഷേധിച്ച് വിമാനത്താവള പദ്ധതിപ്രദേശത്ത് നാട്ടുകാര്‍ ഉപരോധസമരം തുടങ്ങി.

വിമാനത്താവള കുടിയിറക്കുവിരുദ്ധ കര്‍മസമിതിയുടെ നേതൃത്വത്തിലാണ് ലൈറ്റ് അപ്രോച്ച് നിര്‍മാണപ്രവൃത്തി തടസ്സപ്പെടുത്തി അനിശ്ചിതകാല സമരം തുടങ്ങിയത്. സ്ഥലത്ത് പന്തല്‍കെട്ടി ഭക്ഷണമുള്‍െപ്പടെ പാകംചെയ്ത് കഴിച്ചാണ് സമരം.

മേയില്‍ വിലനിര്‍ണയം പൂര്‍ത്തിയായ സ്ഥലത്തിന്റെ ഏറ്റെടുക്കല്‍ അനന്തമായി നീളുന്നത് സ്ഥലമുടമകള്‍ക്ക് ദുരിതവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നുവെന്നാണ് പരാതി.

ഇതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കര്‍മസമിതി മട്ടന്നൂരിലെ തഹസില്‍ദാര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടര്‍, തഹസില്‍ദാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ചയ്ക്കകം പ്രശ്‌നപരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇത് ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രവൃത്തി നിര്‍ത്തിവെപ്പിച്ച് സമരം തുടങ്ങിയത്.

കര്‍മസമിതി ചെയര്‍മാന്‍ വി.കരുണാകരന്‍, എ.സദാനന്ദന്‍, സി.രവീന്ദ്രന്‍, സി.പ്രകാശന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കിയാല്‍, എല്‍ ആന്‍ഡ് ടി അധികൃതരും പോലീസും സ്ഥലത്തെത്തി.