മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ലൈറ്റ് അപ്രോച്ചിന് തൊട്ടടുത്ത താമസക്കാരായ 14 കുടുംബങ്ങളുടെ വീടും സ്ഥലവും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഉപരോധസമരം നടത്തി. വയലാട്ടില്‍ പ്രദേശത്തെ താമസക്കാരാണ് കണ്ണൂര്‍ എയര്‍പോര്‍ട്ട് ജനമോചനസമിതിയുടെ പേരില്‍ പദ്ധതിപ്രദേശത്ത് ധര്‍ണ നടത്തിയത്. പ്രവൃത്തി നിര്‍ത്തിവെപ്പിച്ചായിരുന്നു പ്രതിഷേധം.

ലൈറ്റ് അപ്രോച്ചിന് സമീപം താമസം തുടരുന്നത് പ്രയാസമുണ്ടാക്കുകയാണെന്നാണ് ഇവരുടെ പരാതി. നിലവില്‍ ഈ സ്ഥലത്തിന് തൊട്ടടുത്ത് വന്‍തോതില്‍ മണ്ണിട്ടുയര്‍ത്തിയതിനാല്‍ വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. വീടുകളിലേക്ക് മണ്ണും പൊടിയും അടിച്ചുകയറുന്നു. വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നതോടെ റണ്‍വേയുടെ തൊട്ടടുത്ത വീടുകള്‍ സുരക്ഷാഭീഷണി നേരിടേണ്ടിവരുമെന്നാണ് പരാതി.

വീടും സ്ഥലവും ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കിയാലിനും ഇ.പി.ജയരാജന്‍ എം.എല്‍.എ.യ്ക്കും നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഇ.പി.ജയരാജന്റെ നേതൃത്വത്തില്‍ നഗരസഭയിലെയും കീഴല്ലൂര്‍ പഞ്ചായത്തിലെയും ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിക്കുകയും പ്രശ്‌നപരിഹാരത്തിന് ഇടപെടാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

ഉപരോധസമരം സി.പി.എം. മട്ടന്നൂര്‍ ലോക്കല്‍ സെക്രട്ടറി എ.ബി.പ്രമോദ് ഉദ്ഘാടനം ചെയ്തു. പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ബി.കെ.സുനില്‍, സി.ഷൈജു, സി.ഷാജു, പി.സൗമിനി, ഡി.സിറാജ് എന്നിവര്‍ നേതൃത്വം നല്‍കി.