മട്ടന്നൂര്‍: മൃഗപരിപാലനത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്ക് ക്ഷേമപ്രവര്‍ത്തങ്ങള്‍ക്കുള്ള ബ്രഹ്മഗിരി മാതൃകയില്‍ 'പുരളി' സൊസൈറ്റി സ്ഥാപിച്ച് പ്രവര്‍ത്തിക്കാനുള്ള പദ്ധതി പാഴ്വാക്കായി. 2010-ലാണ് തില്ലങ്കേരി കേന്ദ്രമായി പ്രഖ്യാപിച്ചിരുന്നത്. ഇത് സംബന്ധിച്ച നടപടി അസ്ഥാനത്തായി.

ക്ഷീരകര്‍ഷകരുടെ ഫാമുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, നല്ലയിനം ജനുസ്സുകളിലുള്ള കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി. ടര്‍ക്കി, കാട, കോഴി, മുയല്‍, പശു, ആട് എന്നിവയുടെ നല്ലയിനം കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനായിട്ടായിരുന്നു പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ടിരുന്നത്.

കൊമ്മേരി ആട് ഫാം, മുണ്ടയാട് കോഴിവളര്‍ത്തുകേന്ദ്രം എന്നിവിടങ്ങളില്‍നിന്നുള്‍പ്പെടെ പരിശീലകരുടെ സഹായത്തോടെ കര്‍ഷകര്‍ക്ക് അറിവും മൃഗപരിപാലന പരിശീലനം നല്‍കലായിരുന്നു ഈഘട്ടത്തിലെ മുഖ്യോദ്ദേശ്യം. മാതൃഫാമായി തില്ലങ്കേരിയിലെ കാവുംപടിയില്‍ സ്ഥലം കണ്ടെത്തി വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടിരുന്നു.

പുല്‍ക്കൃഷി വികസനം, മൃഗചികിത്സയിലെ നാട്ടറിവുകള്‍ പരിചയപ്പെടല്‍, മൃഗഡോക്ടര്‍മാര്‍ക്ക് പരിശീലനവും കര്‍ഷകര്‍ക്ക് ബോധവത്കരണവും ലക്ഷ്യമിട്ടുള്ള നടപടികള്‍ എന്നിവ ലക്ഷ്യമിടുന്ന പദ്ധതി രണ്ടുഘട്ടങ്ങളിലായി നടപ്പാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, ഇതൊന്നും നടപ്പായില്ല.