മട്ടന്നൂര്‍: വിമാനത്താവളത്തിന് സമീപമുള്ള സ്ഥലം വ്യാജരേഖചമച്ച് തട്ടിയെടുത്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിമാനത്താവളത്തിന് സമീപത്തായുള്ള മറ്റുസ്ഥലമിടപാടുകളെക്കുറിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.

പ്രവാസി വ്യവസായിയുടെ 50 സെന്റ് സ്ഥലം തട്ടിയെടുത്ത കേസില്‍ സ്ഥലം വാങ്ങിയ എം.കെ.മുഹമ്മദ് ഹാരിഫിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

സ്ഥലമുടമ കണ്ണപുരം സ്വദേശി മോഹനന്റെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കാന്‍ സംഘത്തിന് കഴിഞ്ഞതെങ്ങനെയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുഖ്യ പ്രതികളെ പിടികൂടിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ മറ്റുള്ളവരുടെ സഹായം ലഭിച്ചോയെന്നത് വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ഈ സ്ഥലത്തോടുചേര്‍ന്നുള്ള 70 സെന്റ് ഭൂമിയും ഇതേരീതിയില്‍ വില്ക്കാന്‍ സംഘം ശ്രമിച്ചിരുന്നു.

തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍െപ്പടെ വ്യാജമായി നിര്‍മിച്ചും ഫോട്ടോയില്‍ കൃത്രിമം കാണിച്ചുമായിരുന്നു തട്ടിപ്പ്. കൈവശമാക്കിയ ഭൂമി തുച്ഛമായ വിലയ്ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുന്നതായി കാണിച്ച് ഉടമസ്ഥാവകാശം മാറ്റിക്കൊണ്ടിരിക്കുകയാണ് തട്ടിപ്പുസംഘം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു.