മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ മാലിന്യസംസ്‌കരണ പദ്ധതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികളുടെ സംഘമെത്തി. പൊറോറയിലെ ട്രഞ്ചിങ് മൈതാനം, പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ്, വാതകശ്മശാനം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ചു.

ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടെ രണ്ട് നഗരസഭകളിലെയും 19 പഞ്ചായത്തുകളിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന 47 അംഗ സംഘമാണ് മട്ടന്നൂരിലെ ശാസ്ത്രീയ മാലിന്യസംസ്‌കരണ രീതികളെക്കുറിച്ച് പഠിക്കാനെത്തിയത്.

നഗരസഭാ ഓഫീസില്‍ മാലിന്യസംസ്‌കരണം ഉള്‍പ്പടെയുള്ള പദ്ധതികളെക്കുറിച്ചുള്ള വീഡിയോ ചിത്രീകരണം കണ്ടശേഷമാണ് സംഘം പൊറോറയിലേക്ക് തിരിച്ചത്. കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലെയും മറ്റ് പഞ്ചായത്തുകളിലെയും ജനപ്രതിനിധികളാണ് സന്ദര്‍ശനത്തിനെത്തിയത്.

കതിരൂര്‍, ചെമ്പിലോട് പഞ്ചായത്തുകളിലും സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. ശുചിത്വമിഷന്‍ എല്ലാ വര്‍ഷവും ഫണ്ട് അനുവദിക്കുന്നുണ്ടെങ്കിലും മികച്ച പദ്ധതികള്‍ ഇല്ലാത്തതിനാല്‍ മാലിന്യസംസ്‌കരണം വെല്ലുവിളിയാണെന്ന് കാസര്‍കോട്ടെ ജനപ്രതിനിധികള്‍ പറഞ്ഞു. മട്ടന്നൂരിലെ മാലിന്യസംസ്‌കരണം മാതൃകാപരമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാവേണു, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എ.കെ.സുരേഷ്‌കുമാര്‍, ഷാഹിനാസത്യന്‍, എം.റോജ, പി.പ്രസീന, കൗണ്‍സിലര്‍ വി.എന്‍.സത്യേന്ദ്രനാഥ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി.രാജശേഖരന്‍ നായര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.ഹംസ എന്നിവര്‍ ചേര്‍ന്ന് ജനപ്രതിനിധികളെ സ്വീകരിച്ചു.

ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡി.വി.അബ്ദുള്‍ജലീല്‍, അസി. കോ ഓര്‍ഡിനേറ്റര്‍ വി.സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സംഘമെത്തിയത്.