മട്ടന്നൂര്‍: ഗാന്ധിജയന്തിദിനത്തില്‍ മട്ടന്നൂരിലെ പരിസരം ശുചിയാക്കിയവര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപത്തെ വഴിയരികില്‍ കൂട്ടിയിട്ട കാടുപടലങ്ങളും മാലിന്യവുമാണ് ചിത്രത്തില്‍.
 
നാടാകെ വൃത്തിയാക്കല്‍ നടക്കുന്നുണ്ട്. അധികൃതരും കൗണ്‍സിലര്‍മാരും ശുചീകരണത്തൊഴിലാളികളും സന്നദ്ധപ്രവര്‍ത്തകരും സംഘടനകളും നാടും പട്ടണവും സക്രിയമായി പങ്കെടുത്ത് ശുചിയാക്കിയിട്ടുണ്ട്.
 
വൃത്തികേടുകളും ചപ്പും ചവറും ഇങ്ങിനെ കൂട്ടിയിടുന്നത് പതിവാണ്.

ഇത്തരത്തില്‍, കൂട്ടിയിടുന്നവ പിന്നീട് നഗരസഭയിലെ ആരോഗ്യവിഭാഗവും ശുചീകരണവിഭാഗവും മാലിന്യനിര്‍മാര്‍ജന കേന്ദ്രത്തിലെത്തിച്ച് സംസ്‌കരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
 
എന്നാല്‍, കാലങ്ങളായി മട്ടന്നൂരില്‍ ഇതൊന്നും ചെയ്യുന്നില്ലെന്ന ആവലാതി വ്യാപകമാണ്.
 
മട്ടന്നൂരിലെ സര്‍ക്കാര്‍ ആസ്​പത്രി പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യവും അവശിഷ്ടങ്ങളും ഇങ്ങിനെ ചീഞ്ഞളിയുകയും ഇവിടെ മലീനീകരണമുണ്ടാക്കുകയും ചെയ്യുന്നതായി പരിസരവാസികള്‍ നിരന്തരം ആക്ഷേപമുയര്‍ത്തുന്നുണ്ട്.

ആസ്​പത്രി പരിസരത്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വിധം മാലിന്യവും ചപ്പുചവറുകളും കൂട്ടിയിട്ടത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും നഗരസഭാധ്യക്ഷ അനിതാവേണു അറിയിച്ചു.