മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഇനി സുവര്‍ണനെല്‍ക്കതിരുകള്‍ കണ്‍നിറയെ കാണാം. കാറ്റിലാടിയുലഞ്ഞ് കൈമാടിവിളിക്കുന്ന വിടര്‍ന്ന പൂക്കളുള്ള ഉദ്യാനത്തില്‍ അല്‍പ്പസമയം നടക്കാം.

കരിത്തൂര്‍പറമ്പിലെ നഗരസഭാ ജൈവമാലിന്യസംസ്‌കരണ കേന്ദ്രത്തിലാണ് മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി കരനെല്‍ക്കൃഷിയും ഉദ്യാനവും അധികൃതര്‍ നടപ്പാക്കിയത്.

കനത്ത ചൂടേല്‍ക്കുന്ന പാറക്കല്ലും കാടും നിറഞ്ഞ ഭൂമിയിലാണ് മൂന്നിടത്തായി കരനെല്‍ക്കൃഷി നടത്തിയത്. ജൈവവളത്തിലും നിത്യേനയുള്ള നനവിലും നെല്ല് തഴച്ചുവളര്‍ന്നു. രണ്ടുമാസമായ നെല്ല് കതിരിടാനുള്ള പാകത്തിലായി.

മട്ടന്നൂര്‍ കൃഷിഭവന്‍, കുടുംബശ്രീ, നഗരസഭയിലെ ശുചീകരണത്തൊഴിലാളികള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് നെല്‍ക്കൃഷിയുെട പരിചരണം.

മാലിന്യസംസ്‌കരണ കേന്ദ്രത്തിന് ചുറ്റുമായി പലവിധ പുഷ്പങ്ങള്‍നിറഞ്ഞ ഉദ്യാനവും അവിടെയെത്തുന്നവരെ ആകര്‍ഷിക്കുന്നു. സമീപത്തായാണ് നഗരസഭയുടെ വാതകശ്മശാനവും പ്രവര്‍ത്തിക്കുന്നത്. ഇവിടവും മോടിപിടിപ്പിച്ച് ആകര്‍ഷണകേന്ദ്രമാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.