മട്ടന്നൂര്‍: ഡെങ്കിപ്പനി തടയുന്നതില്‍ നഗരസഭയും ആരോഗ്യവകുപ്പും അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ നഗരസഭയില്‍ ഹര്‍ത്താല്‍ നടത്തി. മട്ടന്നൂര്‍ നഗരത്തില്‍ കടകളും മറ്റുസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. എന്നാല്‍, സമീപ ടൗണായ ഉരുവച്ചാലിലും പരിസരപ്രദേശങ്ങളിലും കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. രാവിലെ ഉരുവച്ചാലില്‍ കടകള്‍ അടപ്പിക്കാനായി ഒരുസംഘം യു.ഡി.എഫ്. പ്രവര്‍ത്തകര്‍ എത്തിയത് വാക്കേറ്റത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ഇടയാക്കി. പോലീസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. മട്ടന്നൂര്‍ സി.ഐ. ഷജു ജോസഫ്, എസ്.ഐ. എ.വി.ദിനേശ്, ഇരിക്കൂര്‍ എസ്.ഐ. കെ.വി.മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം മട്ടന്നൂരിലും ഉരുവച്ചാലിലും ഉണ്ടായിരുന്നു.