മമ്പറം: ബി.ജെ.പി.യുടെ ജനരക്ഷായാത്ര കാണാന്‍ പാതയോരത്തും കവലകളിലുമായി ഒട്ടേറെപ്പേരാണ് എത്തിയത്.
 
പദയാത്ര കടന്നുപോകുന്ന പിണറായി പഞ്ചായത്ത് പരിധിയിലെ കടകള്‍ അടച്ചിട്ടിരുന്നെങ്കിലും അവിടെയും കാഴ്ചക്കാരുണ്ടായിരുന്നു. കടവരാന്തകളില്‍ ഒട്ടേറെ പേരാണ് ജാഥ കടന്നുപോകുന്നതുവരെ കാത്തുനിന്നത്.
 
വീട്ടുപറമ്പുകളിലും മുറ്റത്തുമായി സ്ത്രീകളും കുട്ടികളുമടക്കം കാഴ്ചക്കാരായി. ചിലര്‍ മൊബൈല്‍ ഫോണ്‍ ക്യാമറകളില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു.

11.15-ന് മമ്പറത്തുനിന്ന് തുടങ്ങിയ ജാഥ 11.45-ന് മുഖ്യമന്ത്രിയുടെ വീടിനുസമീപത്തെ പാണ്ഡ്യാലമുക്കിലെത്തിയപ്പോള്‍ അല്പസമയം നിന്നു. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ പാണ്ഡ്യാലമുക്കില്‍ ഉണ്ടായിരുന്നു.
 
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സന്നാഹം ഒരുക്കിയിരുന്നു. 12 മണിയോടെ പോലീസ് വലയത്തിലാണ് ജാഥ പിണറായി കവലയിലൂടെ കടന്നുപോയത്.

ജാഥ കടന്നുപോകുന്ന പിണറായി പഞ്ചായത്ത് പരിധിയില്‍ മെഡിക്കല്‍ ഷോപ്പുകളൊഴികെ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടിരുന്നു. പാതയോരത്ത് 50 മീറ്റര്‍ ഇടവിട്ട് പോലീസിനെ വിന്യസിച്ചിരുന്നു.
 
ഉച്ചയ്ക്ക് 1.30-ഓടെ ബാലത്തില്‍ പ്രത്യേകം കെട്ടിയ മൂന്ന് പന്തലുകളിലായി പ്രവര്‍ത്തകര്‍ക്ക് ഉച്ചയൂണ്‍ ഒരുക്കി.

പദയാത്ര കടന്നുപോയി മണിക്കൂറുകള്‍ക്കകം ബി.ജെ.പി. പ്രവര്‍ത്തകര്‍ പാതയോരത്തെ അലങ്കാരങ്ങളും കൊടിതോരണങ്ങളും നീക്കംചെയ്തു.
 
കുടിവെള്ളത്തിന്റെ ഒഴിഞ്ഞ പായ്ക്കറ്റുകളും ഭക്ഷണാവശിഷ്ടങ്ങളും നീക്കംചെയ്യാന്‍ പ്രത്യേക വൊളന്റിയര്‍മാരെയും ഒരുക്കിയിരുന്നു.