കണ്ണൂര്‍: ഉത്തരകേരളത്തില്‍ ഉത്തരവാദടൂറിസം പദ്ധതിയുടെ ഭാഗമായി മലനാട് ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം പരിശോധന നടത്തി.

325 കോടി രൂപ ചെലവിലുള്ള പദ്ധതിക്ക് കേന്ദ്രസഹായം നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രൊജക്ട് മോണിറ്ററിങ് സെല്‍ പ്രതിനിധി ദര്‍ശന മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം കുപ്പം പുഴ മുതല്‍ പറശ്ശിനിക്കടവ് പുഴ വരെയുള്ള വിവിധ പ്രദേശങ്ങളിലാണ് പുഴയാത്ര നടത്തി പരിശോധന പൂര്‍ത്തിയാക്കിയത്.

മയ്യഴി മുതല്‍ കാസര്‍കോട് വലിയപറമ്പ് വരെ പുഴകളില്‍ ഉല്ലാസനൗകയാത്രയും പുഴയോരത്ത് അതത് സ്ഥലത്തെ തനത് കലാകേന്ദ്രങ്ങളും രുചിവൈവിധ്യവുമൊരുക്കുന്ന ബൃഹത് പദ്ധതിയാണ് നടപ്പാക്കുന്നത്.

സംഘത്തോടൊപ്പം എം.എല്‍.എ.മാരായ ജെയിംസ് മാത്യു, ടി.വി. രാജേഷ്, തളിപ്പറമ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം, സംസ്ഥാന ടൂറിസം പ്ലാനിങ് ഓഫീസര്‍ വി.എസ്. സതീശ്, അസിസ്റ്റന്റ് പ്ലാനിങ് ഓഫീസര്‍ ജി. ജയകുമാരന്‍ നായര്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ഗിരീഷ്‌കുമാര്‍, ഡി.ടി.പി.സി. സെക്രട്ടറി ജിതീഷ് ജോസ് തുടങ്ങിയവരാണ് കുപ്പത്തുനിന്ന് യാത്രതിരിച്ചത്.

കുപ്പം കടവില്‍നിന്ന് ആരംഭിച്ച് മംഗലശ്ശേരി, കോട്ടക്കീല്‍ കടവ്, പഴയങ്ങാടി, തെക്കുമ്പാട്, അഴീക്കല്‍, പാപ്പിനിശ്ശേരി, വളപട്ടണം, നാറാത്ത് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പറശ്ശിനിക്കടവില്‍ യാത്ര സമാപിച്ചു.

ഓരോ കേന്ദ്രത്തിലും ആവേശകരമായ സ്വീകരണമാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരുക്കിയത്. തെയ്യം, കഥകളി, തിരുവാതിര, കോല്‍ക്കളി, കളരിപ്പയറ്റ്, പൂരക്കളി, ദഫ്മുട്ട്, ഒപ്പന തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി, വലിയപറമ്പ്, ചന്ദ്രഗിരി തുടങ്ങിയ പുഴകളെയും തീരപ്രദേശങ്ങളിലെ കലാ-സാംസ്‌കാരിക പൈതൃകങ്ങളെയും കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വിശദ പദ്ധതിരേഖ കേന്ദ്രസര്‍ക്കാറിന് നേരത്തേ സമര്‍പ്പിച്ചിരുന്നു.

കുപ്പം മുതല്‍ മലപ്പട്ടം വരെ 100 കോടിയുടെ ആദ്യഘട്ടത്തിന്റെ അവലോകനയാത്രയാണ് വ്യാഴാഴ്ച നടന്നത്. ഈ പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ ഇതിനകം 38 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി.

പറശ്ശിനിയിലും പഴയങ്ങാടിയിലും ബോട്ട് ജെട്ടിയും വിശ്രമകേന്ദ്രവും നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ നല്‍കി. പദ്ധതിക്ക് 100 കോടി രൂപയുടെ കേന്ദ്രസഹായം 'സ്വദേശി ദര്‍ശന്‍' പദ്ധതിയിലൂടെ ലഭ്യമാക്കാന്‍ തത്ത്വത്തില്‍ തീരുമാനമായിട്ടുണ്ട്.

ക്രൂയിസ് പദ്ധതിയുടെ ഭാഗമായി 200 കിലോമീറ്ററോളം ബോട്ടുയാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിന് മുസിരിസ് പദ്ധതി മാതൃകയിലുള്ള ഹോപ്പ് ഓണ്‍ ഹോപ്പ് ഓഫ് ബോട്ടുകള്‍ വിനോദസഞ്ചാരവകുപ്പ് അനുവദിക്കും.

അവയുടെ നടത്തിപ്പ് പ്രാദേശിക ടൂറിസം സൊസൈറ്റികളെയാണ് ഏല്‍പ്പിക്കുക. പദ്ധതിയുടെ പ്രാദേശിക മേല്‍നോട്ടച്ചുമതല എം.എല്‍.എ. ചെയര്‍മാനായി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്കായിരിക്കും.
 

ഇത് മറ്റൊരു ലോകം

'ഈ കണ്ടല്‍വനത്തിനിടയിലൂടെയുള്ള നദീയാത്ര മറ്റൊരു ലോകത്തെത്തിയ പ്രതീതിയുണ്ടാക്കുന്നു' -കേന്ദ്ര ടൂറിസം വകുപ്പിനുവേണ്ടി മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയുടെ സാധ്യതാപഠനം നടത്താനെത്തിയ കണ്‍സള്‍ട്ടന്റ് ദര്‍ശനാ മാലിക് പറഞ്ഞു.

'ഇത്ര സാധ്യതയുണ്ടായിട്ടും ഇതേവരെ ഇത് ശരിയായി ഉപയോഗപ്പെടുത്തിയില്ലെന്നത് അദ്ഭുതപ്പെടുത്തുന്നു. ആലപ്പുഴയില്‍ ബോട്ടുയാത്ര നടത്തിയിട്ടുണ്ട്. പക്ഷേ കുപ്പം മുതല്‍ കോട്ടക്കീല്‍ വരെയും അവിടെനിന്ന് പഴയങ്ങാടിയിലേക്കും യാത്രചെയ്തത് ഏറ്റവും ആഹ്ലാദകരമായ അനുഭവമാണ് പകര്‍ന്നത്' -വാസ്തുശില്പവിദഗ്ധകൂടിയായ ദര്‍ശന പറഞ്ഞു.