ചാല: ബൈക്കപകടത്തില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് താഴെചൊവ്വ-നടാല്‍ ബൈപാസ് റോഡ് നാട്ടുകാര്‍ ഉപരോധിച്ചു. വ്യാഴാഴ്ച രാത്രിയാണ് ചാലയില്‍ ബൈക്കില്‍ ലോറിയിടിച്ച് ആദര്‍ശ് മരിച്ചത്.

ആദര്‍ശിന്റെ ശവസംസ്‌കാരം പയ്യാമ്പലത്ത് നടന്നു. ഇതിനുശേഷമാണ് വെള്ളിയാഴ്ച വൈകീട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ഒന്നരമണിക്കൂറോളം ബൈപാസ് റോഡ് ഉപരോധിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ ഉപരോധത്തിനെത്തി. റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് ജില്ലാ കളക്ടറില്‍നിന്ന് ഉറപ്പുലഭിച്ചാല്‍ മാത്രമേ ഉപരോധത്തില്‍നിന്ന് പിന്മാറുകയുള്ളൂ എന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

അഞ്ചുമണിയോടെയാണ് റോഡ് ഉപരോധം തുടങ്ങിയത്. ഇതോടെ സിറ്റി സി.ഐ. കെ.വി.പ്രമോദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. കളക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാന്‍ കഴിഞ്ഞില്ല.
 
ഉത്തരവാദപ്പെട്ട മറ്റാരെങ്കിലും ഉറപ്പുനല്‍കണമെന്നായി നാട്ടുകാര്‍. അവധിയായതിനാല്‍ എ.ഡി.എമ്മും സ്ഥലത്തുണ്ടായിരുന്നില്ല. തുടര്‍ന്ന് തലശ്ശേരി താലൂക്ക് തഹസില്‍ദാര്‍ സജീവന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.

ശനിയാഴ്ചതന്നെ റോഡിലെ കുഴിയടയ്ക്കാനുള്ള നടപടികള്‍ എടുക്കുമെന്ന ഉറപ്പിന്മേലാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്. ഉപരോധത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം കൂത്തുപറമ്പ് തലശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
 
നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ വീണ ചാല ബൈപാസ് റോഡിലെ കുഴിയില്‍ നാട്ടുകാര്‍ വാഴ നട്ടു. വെള്ളിയാഴ്ച വൈകീട്ടാണ് ചാലയിലെ ടാക്‌സി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് വാഴ നട്ടത്.