കൊട്ടിയൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പന്നിയാംമല സ്വദേശി വേലിക്കകത്ത് മാത്യുവിന് പരിക്ക്. നട്ടെല്ല്, ഇടുപ്പ്, തുടയെല്ല് എന്നിവയ്ക്കും ആന്തരാവയവങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കൃഷിയിടത്തില്‍ പതിവില്ലാത്ത ശബ്ദംകേട്ട് വീടിന് പുറത്തിറങ്ങിയ മാത്യുവിനെ ഇരുളില്‍ മറഞ്ഞുനിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

മരം ഒടിക്കുന്ന ശബ്ദംകേട്ട് മാത്യുവും ഇളയ മകനുമാണ് കൃഷിയിടത്തിലേക്ക് എത്തിയത്. മകന്റെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് ഒരു കിലോമീറ്ററോളം എടുത്തുകൊണ്ടുവന്ന് ആംബുലന്‍സില്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. വനത്തില്‍നിന്ന് ഒരു കിലോമീറ്ററോളം അകലത്തിലാണ് മാത്യുവിന്റെ കൃഷിയിടം.

വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

പന്നിയാംമലയില്‍ കര്‍ഷകനെ കാട്ടാന ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കൊട്ടിയൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കൊട്ടിയൂര്‍ കണ്ടപ്പുനം വനംവകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

നീണ്ടുനോക്കിയില്‍നിന്നാരംഭിച്ച മാര്‍ച്ച് ഡി.സി.സി. സെക്രട്ടറി പി.സി.രാമകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷനായിരുന്നു.

ബ്ലോക്ക് പഞ്ചായത്തംഗം മാത്യു പറമ്പന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് ആമക്കാട്ട്, സിസിലി കണ്ണന്താനം, മിനി പൊട്ടങ്കല്‍, ബിന്ദു വാഹാനി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം മേഖലാ പ്രസിഡന്റ് ജോര്‍ജുകുട്ടി വാളുവെട്ടിക്കല്‍, റെജി കന്നുകുഴി, അഗസ്റ്റിന്‍ വടക്കേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിക്കേറ്റ മാത്യുവിന് അടിയന്തര സഹായധനം ലഭ്യമാക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കൊട്ടിയൂര്‍ റേഞ്ചര്‍ കെ.ബിനു പറഞ്ഞു.