കൂത്തുപറമ്പ്: രണ്ട് ദിവസം മുന്‍പ് തൊക്കിലങ്ങാടി ടൗണിലെ മോഡേണ്‍ ഹോട്ടലില്‍ മോഷണം നടത്തിയ സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പേരാവൂര്‍ തുണ്ടിയിലെ കെ.വി.മത്തായിയെയാ(55)ണ് കൂത്തുപറമ്പ് എസ്.ഐ. കെ.വി.നിഷിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഗ്രില്‍സിന്റെ വിടവിലൂടെ അകത്ത് കയറിയ മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന 500 രൂപയും ക്ഷേത്രം വകയുള്ള ഭണ്ഡാരത്തിലുണ്ടായിരുന്ന രണ്ടായിരത്തോളം രൂപയും മോഷ്ടിക്കുകയായിരുന്നു. സമീപത്ത് സ്ഥാപിച്ച സി.സി.ടി.വി.ക്യാമറയില്‍ നിന്നാണ് പ്രതിയെപ്പറ്റിയുള്ള സൂചന ലഭിച്ചത്. അറസ്റ്റിലായ മത്തായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സമീപകാലത്താണ് ഇയാള്‍ ജയിലില്‍നിന്നിറങ്ങിയത്. പ്രതിയെ അടുത്ത ദിവസം കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കും.