കൂത്തുപറമ്പ്: ആയിത്തറ കമ്പനിക്കുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടിനോട് ചേര്‍ന്ന വിറകുപുരയില്‍ സ്‌ഫോടനം. തുടര്‍ന്ന് സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ അര കിലോഗ്രാം വെടിമരുന്നും പിടികൂടി. കമ്പനിക്കുന്നിലെ കല്ലാക്കുന്ന് ഹൗസില്‍ രഘൂത്തമന്റെ വിറകുപുരയിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്‌ഫോടനമുണ്ടായത്.

വിറകുപുരയുടെ ഓടിട്ട മേല്‍ക്കൂരയും വീടിന്റെ ജനല്‍ ഗ്ലാസുകളും തകര്‍ന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് പോലീസും കണ്ണൂരില്‍നിന്ന് ബോംബ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ പാറക്കല്ലിനിടയിലായി പ്ലാസ്റ്റിക് ഡബ്ബയില്‍ സൂക്ഷിച്ച നിലയില്‍ അര കിലോഗ്രാമോളം വെടിമരുന്ന് കണ്ടെത്തിയത്. സി.ഐ. ടി.വി.പ്രദീഷ്, എസ്.ഐ. കെ.വി.നിഷിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.