കൂത്തുപറമ്പ്: നിര്‍മലഗിരിക്കടുത്ത് നീറോളിച്ചാലില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40 പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടിയില്‍നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സാഗര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചശേഷം റോഡരികിലേക്ക് മറിയുകയായിരുന്നു.

ബസ് ജിവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു. മറിഞ്ഞ ബസിനടിയില്‍ അകപ്പെട്ടുപോയ ക്ലീനര്‍ ഇരിട്ടി വാളത്തോട് സ്വദേശി നിഷാദിനെ (35) അരമണിക്കൂറിനുശേഷം ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നിഷാദിന്റെ കാല്‍ ചതഞ്ഞരഞ്ഞ നിലയിലാണ്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരനായ മൂന്നാംപീടികയിലെ വളയങ്ങാടന്‍ രാജീവനെ (45) കോഴിക്കോട് മെഡിക്കല്‍ കോളേജാസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കൈ അറ്റുതൂങ്ങിയ നിലയിലാണ്.

ബസ് ഡ്രൈവര്‍ പുന്നാട് സ്വദേശി അനൂപ് (40), യാത്രക്കാരായ മണിപ്പാറ മൂത്തേടത്ത് സ്വദേശി ദിലീഷ് (31), പാച്ചപൊയ്ക സുദിനത്തില്‍ സഹ്യ (28), ഉളിയില്‍ തുണ്ടിയില്‍ ഹൗസിലുള്ള സാറു (40), മുഹമ്മദ് സിനാന്‍ (19), ആയിഷ (36), കല്ലുവയല്‍ അയ്യംകുടിയില്‍ ഹൗസില്‍ ത്രേസ്യാമ്മ (57), നിര്‍മലഗിരി കണ്ട്യന്‍ചാലില്‍ ചീരു (70), ചാവശ്ശേരി ഹസീന നിവാസില്‍ ഹസീന (44) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

രാജന്‍ (65), ജനാര്‍ദനന്‍ (60), മധു (32), ഹരീന്ദ്രന്‍ (54), നാരായണന്‍ (43), ഗോപാലന്‍ (60), പ്രമോദ് (46), ബാബു (44), സരസ്വതി (50), അഭിലാഷ് (17), ജാനകി (67), രാജു (40), ഷാഹിന (45), ഗീത (42), ഗീതു (22) ശ്രീലക്ഷ്മി (19), രഹ്നാസ് (20), സുരേഷ് (50), അമല്‍ (18), താഹിര്‍ (18) എന്നിവര്‍ തലശ്ശേരിയിലെ വിവിധ ആസ്​പത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റ ചിലരെ പ്രാഥമികശുശ്രൂഷ നല്‍കി വിട്ടയച്ചു.

റോഡില്‍ കലുങ്കുനിര്‍മാണത്തിനുവേണ്ടി സ്ഥാപിച്ച ബാരിക്കേഡില്‍ ഇടിച്ച ബസ് നിയന്ത്രണംവിട്ടശേഷം കാറിലിടിച്ച് മറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. കൂത്തുപറമ്പ് പോലീസും നാട്ടുകാരുമാണ് പരിക്കേറ്റവരെ ആസ്​പത്രികളിലെത്തിച്ചത്. കൂത്തുപറമ്പ് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അപകടത്തെ തുടര്‍ന്ന് കൂത്തുപറമ്പ്-മട്ടന്നൂര്‍ റൂട്ടില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.