ണ്ണൂര്‍: കേന്ദ്രീയ വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാതെ പകരം സംസ്‌കൃതം പഠിപ്പിക്കുന്നത് ഫെഡറലിസത്തിന്റെ ലംഘനമാണെന്ന് കെ.കെ.രാഗേഷ് എം.പി. വിവര-പൊതുജനസമ്പര്‍ക്ക വകുപ്പും ജില്ലാ ഭരണകൂടവും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കേരളപ്പിറവിദിനവും ഔദ്യോഗികഭാഷ വാരാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഉള്‍പ്പെടെ ദ്വിഭാഷാപദ്ധതി അംഗീകരിച്ച് മലയാളം പഠിപ്പിക്കണം. മലയാളത്തിന് ദേശീയതലത്തില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ല -അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവര-പൊതുജന സമ്പര്‍ക്ക വകുപ്പ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഡിബേറ്റ് മത്സരത്തിലെ ജേതാക്കള്‍ക്കും ശ്രേഷ്ഠഭാഷാ വാരാചരണത്തിന്റെ ഭാഗമായി റവന്യൂവകുപ്പ് നടത്തിയ വിവിധ മത്സരവിജയികള്‍ക്കും എം.പി. സമ്മാനം വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.വി.സുമേഷ് അധ്യക്ഷതവഹിച്ചു. എ.ഡി.എം. ഇ.മുഹമ്മദ് യൂസഫ് മലയാളദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസി. കളക്ടര്‍ ആസിഫ് കെ.യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി.അബ്ദുനാസര്‍, സി.എം.ഗോപിനാഥന്‍, കെ.ടി.അനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പദ്മനാഭന്‍, സി.പി.അബ്ദുല്‍കരീം എന്നിവര്‍ സംസാരിച്ചു.