കരിവെള്ളൂര്‍: കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിഞ്ഞുകൂട എന്ന ഗൂഢലക്ഷ്യവുമായി സ്വകാര്യമായി നടത്തപ്പെടുന്ന കോടതികള്‍ സ്വകാര്യവത്കരിക്കപ്പെട്ട കോടതികളാണെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു. കരിവെള്ളൂര്‍ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി നടന്ന മാധ്യമസെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേവലം ഒരു വാര്‍ത്തയുടെ പേരില്‍ മാത്രമുള്ളതല്ല കേരളത്തില്‍ ഇന്ന് നിലവിലുള്ള വാര്‍ത്താ നിഷേധം. കോടതികളില്‍ നടക്കുന്ന ഒത്തുകളികള്‍ പുറംലോകമറിയരുത് എന്നുകരുതുന്നവരുടെ ഗൂഢലക്ഷ്യം ഇതിനുപിന്നിലുണ്ട്. കണ്ണുകെട്ടിയ നീതിദേവത കോടതിയില്‍ നടക്കുന്ന പല കാര്യങ്ങളും കാണാതെ പോകുന്നുണ്ട്. ഒരിക്കലും നഷ്ടപ്പെടില്ല എന്ന് കരുതിയ മാധ്യമസ്വാതന്ത്ര്യം പഴങ്കഥയായി മാറുന്ന സാഹചര്യം ഇന്നുണ്ടായിരുന്നു. ഇതിനെതിരെ പൊതുസമൂഹം ജാഗരൂഗരാകണം -അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ മീഡിയ കമ്മിറ്റി ചെയര്‍മാന്‍ എ.വി.ഗിരീശന്‍ അധ്യക്ഷനായിരുന്നു. മാതൃഭൂമി ടി.വി. സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ.മധു, പ്രസ് ക്‌ളബ്ബ് പ്രസിഡന്റ് കെ.ടി.ശശി, പി.വി.കുട്ടന്‍ (കൈരളി ടി.വി.), അരവിന്ദന്‍ മാണിക്കോത്ത്, വി.കെ.രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ദിലീപ് മെട്ടമ്മല്‍ സ്വാഗതവും കെ.വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു. കരിവെള്ളൂര്‍ നിടുവപ്പുറം ശ്രീനാരായണപുരം അക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്സ്, കൊടക്കാട് ചന്തു കളരിസംഘത്തിന്റെ കളരിപ്പയറ്റ് എന്നിവ അരങ്ങേറി.