നടുവില്‍: ലോക ഗജദിനാചരണത്തിന്റെ ഭാഗമായി ആനയെ സ്‌കൂള്‍ മുറ്റത്തെത്തിച്ചു. തടിക്കടവ് ഗവ. ഹൈസ്‌കൂളിലാണ് ആനയെ അടുത്തറിയല്‍ നടന്നത്.

ആനപ്രേമികളും വനം വകുപ്പധികൃതരും നാട്ടുകാരും കുട്ടികളുമൊക്കെ ആനയെക്കുറിച്ച് അറിയാനും പറയാനും രാവിലെതന്നെ എത്തി. മോഡലായി കരുവഞ്ചാല്‍ ഗണേശനെന്ന ആനയും.

കരയിലെ ഏറ്റവും വലിയ ജീവി നേരിടുന്ന ഭീഷണിയോടൊപ്പം ആനയെക്കുറിച്ച് അറിയേണ്ടതെല്ലാം ക്ലാസെടുത്തവര്‍ പങ്കുവെച്ചു. റിട്ട. ഡെപ്യൂട്ടി കളക്ടര്‍ മോഹനന്‍ പൊന്നമ്പത്ത്, മനോജ് കാമനാട്ട് എന്നിവര്‍ ക്ലാസെടുത്തു.

ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ്് പി.ജെ.മാത്യു ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.വി.മനോജ്കുമാര്‍, കേരളത്തിലെ ആദ്യ വനിതാ പാപ്പാന്‍ ജോഷിറ്റ പുല്ലാട്ട്, എ.കെ.ജയരാജ്, മനു തോമസ്, രൂപേഷ് കാരക്കാട്ട് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്കായി ആന എന്ന വിഷയത്തില്‍ ചിത്രരചന, കഥാരചന മത്സരങ്ങള്‍ നടത്തി.