കണ്ണൂര്‍: യുവാക്കളായ സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ രക്തദാനം പ്രോത്സാഹിക്കപ്പെടണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കണ്ണൂരില്‍ ദേശീയ സന്നദ്ധരക്തദാന ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ രക്തദാതാക്കള്‍ക്ക് സാധിക്കും. രോഗമുള്ളവര്‍ക്ക് രക്തദാനം നടത്താന്‍ സാധിക്കുമോ എന്നുള്ളത് എപ്പോഴും ഉയരുന്ന ചോദ്യമാണ്. സ്വീകര്‍ത്താവിനും ദാതാവിനും പരിശോധനകള്‍ നടത്തണം അവര്‍ പറഞ്ഞു.

കണ്ണൂരില്‍ രക്തദാനം നടത്തിയ ജില്ലാ പോലീസ് സേനയെയും സന്നദ്ധപ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. പ്രഥമശുശ്രൂഷ നല്‍കുന്നതിനുള്ള പരിശീലനം സ്‌കൂള്‍തലങ്ങളില്‍ കുട്ടികള്‍ക്ക് നടപ്പാക്കണം -മന്തി പറഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മികച്ച സൗകര്യങ്ങളോടുകൂടിയ കാഷ്വാലിറ്റി യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും. കേരളത്തില്‍ ട്രോമാകെയര്‍ സംവിധാനം രണ്ടുവര്‍ഷം കൊണ്ട് നടപ്പാക്കും -മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിനുമുന്നില്‍ സജ്ജമാക്കിയ സഞ്ചരിക്കുന്ന രക്തബാങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, തുടങ്ങി നിരവധിപേര്‍ രക്തം ദാനംചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ടി.ടി.റംല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലിഷ ദീപക്, ഡോ. ആര്‍.രമേഷ്, ഡോ. നാരായണ നായ്ക്, ഡോ. കെ.വി.ലതീഷ്, ഡോ. കെ.വി.ഗോവിന്ദന്‍, ഡോ. വി.ജി.പ്രദീപ്കുമാര്‍, വി.കെ.സനോജ്, ഡോ. ഷാഹുല്‍ ഹമീദ്, കെ.ജി.ബാബു, എന്നിവര്‍ സംസാരിച്ചു.