ചക്കരക്കല്ല്: നൂറുകണക്കിന് രോഗികള്‍ ചികിത്സതേടിയെത്തുന്ന ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രം നവീകരിക്കണമെന്ന ആവശ്യം ശക്തമായതോടെ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി തയ്യാറാക്കി. ഇതിനായി നാലുകോടി 64 ലക്ഷത്തിന്റെ പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനന്‍ പറഞ്ഞു.

ചോര്‍ച്ചകാരണം വര്‍ഷങ്ങളായി അടച്ചിട്ട കിടത്തിച്ചികിത്സാ കെട്ടിടം പൊളിച്ചുമാറ്റി പുതിയ വാര്‍ഡുള്‍പ്പെടുന്ന നാലുനിലക്കെട്ടിടം പണിയും. ദിനംപ്രതി എഴുനൂറിലേറെ രോഗികളാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. മുഴുവന്‍ സമയവും ഡോക്ടുടെ സേവനം ലഭ്യമായതോടെ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. കിടത്തിച്ചികിത്സ തേടിയെത്തുന്ന രോഗികളെ ഇപ്പോള്‍ നിലവിലുള്ള ചെറിയ വാര്‍ഡിലാണ് പ്രവേശിപ്പിക്കുന്നത്.

രാവിലെ തുടങ്ങുന്ന ഒ.പി. വിഭാഗം പരിശോധന ഇപ്പോള്‍ രാത്രി എട്ടുമണി വരെയുണ്ട്. അതുകൂടാതെ അത്യാഹിത ചികിത്സയും രാത്രിസമയത്ത് ലഭ്യമാണ്. ഡോക്ടറുടെ മുഴുവന്‍സമയ സേവനവും ഒ.പി. സമയം കൂട്ടിയതും ഏറെ ആശ്വാസമായ സാഹചര്യത്തില്‍ ചികിത്സതേടിയെത്തുന്നവരും വര്‍ധിച്ചു. പനി വ്യാപകമായതോടെ കിടത്തിച്ചികിത്സാരോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതോടെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഒരുകെട്ടിടത്തിലുള്ള വാര്‍ഡിലാണ് കിടക്കുന്നത്.

നേരത്തേ നാല്‍പ്പതിലേറെ കിടക്കകളിടാവുന്ന കെട്ടിടത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വാര്‍ഡുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, കടുത്ത ചോര്‍ച്ചയെത്തുടര്‍ന്ന് ഇത് അടച്ചിടുകയായിരുന്നു. ഈ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയമാണ് നാലുനിലകളില്‍ പണിയുക.

സ്ത്രീ-പുരുഷ വാര്‍ഡുകള്‍, കുട്ടികളുടെ വാര്‍ഡ് എന്നിവ പ്രത്യേകം നിര്‍മിക്കും. ആസ്​പത്രിയുടെ പിന്‍ഭാഗത്തെ റോഡ് വികസിപ്പിച്ച് പോകാനും വരാനും പ്രത്യേക റോഡ് സൗകര്യവുമൊരുക്കും. നിലവില്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങളും പ്രയോജനപ്പെടുത്തുംവിധമാണ് പുതിയകെട്ടിടം നിര്‍മിക്കുക.

പഴയ വാര്‍ഡ് പൊളിച്ച് 40 മീറ്റര്‍ നീളത്തിലും 35 മീറ്റര്‍ വീതിയിലുമാണ് ആധുനിക സൗകര്യത്തില്‍ പുതിയകെട്ടിടം പ്ലാന്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ പദ്ധതിയും പ്ലാനും മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചുകഴിഞ്ഞു. അതോടൊപ്പം മറ്റൊരു പ്ലാന്‍ നബാഡിനും സമര്‍പ്പിച്ചിട്ടുണ്ട്. ഇതുലഭിച്ചാല്‍ രണ്ടാംനിലയുടെ പണിയും നടത്തും.

ഇ.എന്‍.ടി., ഡെന്റല്‍ യൂണിറ്റുകളും ലാബ് സൗകര്യങ്ങളും വൈകാതെ നവീകരിക്കും. ആവശ്യമായ ജീവനക്കാരെ നിയമിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ പറഞ്ഞു.