കണ്ണൂര്‍: രാജ്യത്തെ ഏറ്റവുംമികച്ച പോലീസ് സേന കേരളത്തിന്റെതെന്ന് സ്​പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. അതിനുള്ള തെളിവാണ് ഈയിടെ നടന്ന വാട്‌സാപ്പ് ഹര്‍ത്താലിന്റെ യഥാര്‍ഥ സൂത്രധാരന്‍മാരെ കണ്ടുപിടിച്ച സംഭവമെന്നും അദ്ദേഹം പറഞ്ഞു. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍.സീമ ജില്ലയില്‍നിന്ന് പോലീസ് മെഡലും ബാഡ്ജ് ഓഫ് ഓണറും നേടിയ സേനാംഗങ്ങളെയും 90 വയസ്സിനുമുകളിലെ മുന്‍ സേനാംഗങ്ങളെയും ഉപഹാരംനല്‍കി ആദരിച്ചു. പി.വി.രാജേഷ് അധ്യക്ഷനായിരുന്നു. പി.പി.സദാനന്ദന്‍, കെ.രാജേഷ്, ടി.ബാബു, ടി.പ്രജീഷ്, പി.വി.സിജു, എന്‍.കെ.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് സേനാംഗങ്ങളും കുടുംബാംഗങ്ങളും സംഘടിപ്പിച്ച കലാവിരുന്നും പോലീസ് ഓര്‍ക്കസ്ട്രയുടെ ഗാനസന്ധ്യയും നടത്തി. ചൊവ്വാഴ്ച നടക്കുന്ന പ്രതിനിധിസമ്മേളനം പി.കെ.ശ്രീമതി എം.പി. ഉദ്ഘാടനംചെയ്യും.