കണ്ണൂര്‍: ജില്ലയിലെ വിദ്യാര്‍ഥികളെ രക്തദാനസന്നദ്ധരാക്കുക എന്ന ലക്ഷ്യവുമായി 'ബ്ലഡ് കണ്ണൂര്‍' നിലവില്‍വന്നു. അന്നപൂര്‍ണ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണിത്. കണ്ണൂര്‍ എസ്.എന്‍., തലശ്ശേരി ബ്രണ്ണന്‍, പിലാത്തറ വിറാസ്, നവഭാരത്‌ െഎ.എ.എസ്. അക്കാദമി, കണ്ണൂര്‍ എന്‍ജിനീയറിങ് കോളേജ് എന്നീ കലാലയങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

എന്‍.സി.സി., എന്‍.എസ്.എസ്. കേഡറ്റുകള്‍ ഉള്‍പ്പെടെ ആയിരത്തോളം വിദ്യാര്‍ഥികളാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് രക്തം ദാനംചെയ്യാന്‍ ആസ്​പത്രിയിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് വാഹനം സൗജന്യമായി ലഭ്യമാക്കും.

കണ്ണൂര്‍ നവഭാരത്‌ െഎ.എ.എസ്. അക്കാദമിയുടെ സഹകരണത്തോടെയാണ് ഈ സംവിധാനം. ജില്ലയിലെ വിവിധ ആസ്​പത്രികള്‍ക്ക് രക്തം ആവശ്യമായിവരുന്ന ഘട്ടത്തില്‍ 9847000599, 9072458458 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

കൂട്ടായ്മയുടെ ഉദ്ഘാടനവും പദ്ധതിയിലേക്കായി ഒരുക്കിയ കാറിന്റെ ഫ്‌ലാഗ് ഓഫും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. രക്തദാനത്തിന് സന്നദ്ധരായ വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യ പോളിസി ഡോ. മേഴ്‌സി ഉമ്മനില്‍നിന്ന് വിദ്യാര്‍ഥി മിഥുന്‍ ഗണേശ് ഏറ്റുവാങ്ങി.

കണ്ണൂര്‍ എസ്.എന്‍. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എന്‍.സാജന്‍ അധ്യക്ഷനായിരുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് മഹേഷ്ചന്ദ്ര ബാലിഗ വിശിഷ്ടാതിഥിയായിരുന്നു. ട്രസ്റ്റ് ചെയര്‍മാന്‍ ഫാ. ജോസഫ് പൂവ്വത്തോലില്‍, സെക്രട്ടറി ജോഫിന്‍ ജെയിംസ്, ലിന്‍ജോ ജോര്‍ജ്, വിനീഷ്, പ്രൊഫ. കെ.ഫല്‍ഗുനന്‍, ടോബി ജോസഫ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.