കണ്ണൂര്‍: സമൂഹികചികിത്സാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു. മറുനാടന്‍ തൊഴിലാളികള്‍ക്ക് മന്തുരോഗഗുളികകള്‍ നല്‍കിയാണ് പദ്ധതികള്‍ക്ക് തുടക്കമായത്.

കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ പ്രേമാനന്ദ് അധ്യക്ഷതവഹിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ.ഷാജ് മുഖ്യ പ്രഭാഷണം നടത്തി. സ്​പിന്നിങ് ആന്‍ഡ് വീവിങ് മില്‍ ജനറല്‍ മാനേജര്‍ ശിവ സാംരാജ്, വാര്‍ഡ് കൗണ്‍സിലര്‍ എം.വി.സഹദേവന്‍, ജില്ലാ ഡെപ്യൂട്ടി എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ജോസ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരളത്തില്‍നിന്ന് മന്തുരോഗം രണ്ടായിരത്തി ഇരുപതോടുകൂടി നിവാരണംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരി മൂന്നുമുതല്‍ ആറുവരെ സമൂഹികചികിത്സാ പരിപാടി ആരോഗ്യ വകുപ്പ് നടത്തുന്നത്. ഇതരസംസ്ഥാനക്കാര്‍ക്കും രോഗസംക്രമണ സാധ്യതയേറെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന നാട്ടുകാര്‍ക്കുമാണ് മന്തുരോഗ ഗുളികകള്‍ നല്‍കുന്നത്.

ജില്ലയിലെ മന്തുരോഗ നിവാരണത്തിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 2017-ല്‍ ജില്ലയില്‍ ഇതരസംസ്ഥാനക്കാര്‍ക്കിടയില്‍ 105 മന്തുരോഗവാഹകരെ കണ്ടെത്തി ചികിത്സിച്ചിരുന്നു.