കണ്ണൂര്‍: സപക്ക് താക്കറെ, ആദ്യം കേള്‍ക്കുമ്പോള്‍ ആരുടെയോ പേരാണെന്ന് തോന്നും. എന്നാല്‍ ഇതൊരു കളിയുടെ പേരാണ്. വോളിബോളും ഫുട്‌ബോളും ഹെഡ്‌ബോളും എല്ലാംചേര്‍ന്നതുപോലെയുള്ള ഒന്ന്. ഈ പുതിയകളി പരിചയപ്പെടുത്തി ജില്ലാടീമിനെ ഒരുക്കാനുള്ള ശ്രമത്തിലാണ് ജില്ലാ സപക്ക് താക്കറെ അസോസിയേഷന്‍.

മാസങ്ങള്‍ക്കുമുന്‍പാണ് സപക്ക് താക്കറെയ്ക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചത്. ഏഷ്യന്‍ ഗെയിംസിലും നാഷണല്‍ ഗെയിംസിലുമെല്ലാം മത്സരയിനമാണിത്. പരിശീലനത്തിനായുള്ള ബോള്‍ മലേഷ്യയില്‍നിന്ന് കൊണ്ടുവന്നു.

ഞായറാഴ്ച 45 കുട്ടികള്‍ക്ക് പരിശീലനം നല്‍കി. 12 പെണ്‍കുട്ടികളും 33 ആണ്‍കുട്ടികളുമാണ് പരിശീലനത്തില്‍ പങ്കെടുത്തത്. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.വി.ബാബുവാണ് പരിശീലനം നല്‍കിയത്.

എറണാകുളത്ത് നടക്കുന്ന സപക്ക് താക്കറെ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനുള്ള ജില്ലാടീമിനെ ഒരുക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. വിവിധ സ്ഥലങ്ങളിലായി തുടര്‍ദിവസങ്ങളില്‍ പരിശീലനം നടക്കും. പരിശീലനം നേടിയ വിദ്യാര്‍ഥികളില്‍നിന്ന് 26-ന് ജില്ലാടീമിനെ തിരഞ്ഞെടുക്കും.

പരിശീലനപരിപാടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.വിനീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ഖജാന്‍ജി എം.വി.ഗോപി അധ്യക്ഷത വഹിച്ചു. അന്തര്‍ദേശീയ ഫുട്‌ബോള്‍താരം എം.പി.അശോകന്‍, കപില്‍ സെബാസ്റ്റ്യന്‍, രാജീവ് മാണിക്കോത്ത്, അനില്‍കുമാര്‍, റെജി മാത്യു, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം വി.പി.പവിത്രന്‍, കനകലത എന്നിവര്‍ സംസാരിച്ചു.

എന്താണ് സപക്ക് താക്കറെ

വോളിബോളിനോട് എറെ സമാനതയുള്ള കളിയാണ് സപക്ക് താക്കറെ. എന്നാല്‍ കളിക്കിടെ ബോള്‍ കൈകൊണ്ട് തൊടരുതെന്ന് മാത്രം. കാലും തലയും നെഞ്ചുമെല്ലാം ഉപയോഗിച്ച് ബോള്‍ തട്ടാം. ഒരു ടീമിലെ മൂന്നുപേരാണ് മത്സരിക്കാനിറങ്ങുക.

രണ്ടുപേര്‍ നെറ്റിന് അടുത്ത് ഇരുവശത്തായും ഒരാള്‍ പിന്നില്‍ മധ്യഭാഗത്തായുമുണ്ടാവും. നെറ്റിനടുത്തുള്ളയാള്‍ ബോള്‍ കൈകൊണ്ട് എറിഞ്ഞുകൊടുക്കും. മധ്യഭാഗത്തുള്ളയാള്‍ അത് കൈ ഉപയോഗിക്കാതെ അടുത്ത കോര്‍ട്ടിലേക്ക് തട്ടണം. സര്‍വീസ് ചെയ്യുമ്പോള്‍ മാത്രമേ കൈ ഉപയോഗിക്കാവൂ. ഒരേസമയം മൂന്ന് സര്‍വീസ് ചെയ്യാം.

ഒരാള്‍ക്ക് പരമാവധി മൂന്നുതവണ ബോള്‍ ടച്ച് ചെയ്ത് അടുത്ത കോര്‍ട്ടിലേക്ക് തട്ടാനുമാവും. 21 പോയിന്റ് വരെയുള്ള മൂന്ന് സെറ്റുകളായാണ് മത്സരം നടക്കുക. ടീം ഇവന്റില്‍ 15 പേരാണ് ഒരുടീമില്‍ മത്സരിക്കാനുണ്ടാവുക.

മെടഞ്ഞെടുത്തതുപോലുള്ള പ്രത്യേകതരം ബോള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. മലേഷ്യ, തായ്‌ലാന്‍ഡ്, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സപക്ക് താക്കറെ പ്രസിദ്ധമാണ്.