കണ്ണൂര്‍: വരുന്ന ശിശുദിനം മുതല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ അച്ഛന്റെയും അമ്മയുടെയും കൈയില്‍ തൂങ്ങിയെത്തുന്ന കുരുന്നുകള്‍ ഒന്നമ്പരക്കുമെന്ന് തീര്‍ച്ച. ഇഷ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പുസ്തകങ്ങളും കളിക്കോപ്പുകളുമാണ് ഇവിടെ ഇവരെ കാത്തിരിക്കുക. അഗതികള്‍ക്ക് ഭക്ഷണം നല്‍കുന്ന പുതിയ പദ്ധതിയുമായി രംഗത്തെത്തിയ ടൗണ്‍ പോലീസ് സ്റ്റേഷന് അനുബന്ധമായാണ് പുതിയ സംവിധാനം. നവംബര്‍ 14-ന് ശിശുദിനത്തില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം.

ശിശുസൗഹൃദ പോലീസ് സ്റ്റേഷനാകുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ അടിമുടി ഒരുങ്ങിക്കഴിഞ്ഞു. പരാതിയുമായി വരുന്നവര്‍, കേസുകളില്‍ അകപ്പെട്ടവര്‍, പ്രത്യേക പരിഗണന കിട്ടേണ്ട കേസുകളിലെ കുട്ടികള്‍ തുടങ്ങി ഏതു കുട്ടിക്കും ഇനി പേടിയില്ലാതെ പോലീസ് സ്റ്റേഷനിലേക്ക് വരാം. പുസ്തകങ്ങള്‍ വായിക്കാനും ടി.വി. കാണാനുമൊക്കെ ഇവിടെ സൗകര്യങ്ങള്‍ സജ്ജമായിക്കഴിഞ്ഞു. സ്റ്റേഷനോട് ചേര്‍ന്നാണ് ശിശുസൗഹൃദബ്ലോക്ക് നിര്‍മാണം പുരോഗമിക്കുന്നത്.

കുട്ടികള്‍ക്ക് വിശ്രമിക്കാനുള്ള മുറിക്ക് പുറമേ കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കായി പഞ്ഞിക്കിടക്കയുണ്ട്. ഒപ്പം തൊട്ടിലും ശുചിമുറിയും അതിവിശാലമായ വിശ്രമമുറിയും. പ്രത്യേക മുറിയിലിരുന്ന് കുഞ്ഞിനെ മുലയൂട്ടാം. ലൈബ്രറി സൗകര്യവും പ്രയോജനപ്പെടുത്താം.

അരക്ഷിത സാഹചര്യങ്ങളില്‍ പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയാണ് ഇങ്ങനെയൊരു സാഹചര്യം പോലീസ് സ്റ്റേഷനില്‍ നടപ്പാക്കുന്നതെന്ന് എസ്.ഐ. ഷൈജു പറഞ്ഞു.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് ശേഷം പോലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണിത്. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനുപുറമെ സംസ്ഥാനത്തെ ആറ് ടൗണ്‍ പോലീസ് സ്റ്റേഷനുകളാണ് ശിശുസൗഹൃദ പോലീസ് സ്റ്റേഷനാകാന്‍ ഒരുങ്ങുന്നത്.

അഞ്ചുലക്ഷം രൂപയാണ് പ്രാരംഭഘട്ടത്തില്‍ ബ്ലോക്കിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. നവംബര്‍ 14-ന് ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബ്ലോക്കിന്റെ സംസ്ഥാനതല ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ തിരുമാനം.