കണ്ണൂര്‍: പൊതുഇടങ്ങളില്‍ സൗജന്യമായി ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഐ.ടി.മിഷന്‍ പദ്ധതി ജില്ലയില്‍ പുരോഗമിക്കുന്നു. ആദ്യപടിയായി വൈഫൈ ഹോട്ട്‌സ്‌പോട്ട് സ്ഥാപിക്കാനായി 156 സ്ഥലങ്ങള്‍ ജില്ലാ ഭരണകൂടം കണ്ടെത്തി. ബസ്!സ്റ്റാന്‍ഡുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി ജനങ്ങള്‍ കൂടുതലെത്തുന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ തമ്മില്‍ 80 മീറ്റര്‍ അകലെയാകും വൈഫൈ സ്‌പോട്ട് സ്ഥാപിക്കുക.

50 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളിലാണ് വൈഫൈ സേവനം ലഭ്യമാക്കുന്നത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികളായി. നാലുമാസത്തിനകം ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. കളക്ടറുടെ നേതൃത്വത്തിലാണ് വൈഫൈ ഹോട്ട് സ്‌പോട്ടിനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയത്.

പദ്ധതി നടപ്പാക്കുമ്പോള്‍ ഇപ്പോള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ട് സ്ഥാപിക്കാനായി തിരഞ്ഞെടുത്തിരിക്കുന്ന ചില കേന്ദ്രങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടിവരും. ചിലയിടങ്ങളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനുള്ള പ്രയാസം കാരണമാണിത്. നഗരങ്ങളില്‍ 100 മീറ്റര്‍ ഇടവിട്ടാകും വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍.

ദിവസം ഒരാള്‍ക്ക് 300 എം.ബി.വരെ ഡേറ്റ സൗജന്യമായി ഉപയോഗിക്കാം. പരിധി കഴിഞ്ഞാലും സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഉപയോഗിക്കാനാകും. 10 എം.ബി.പി.എസ്. ആയിരിക്കും വേഗം. ടെന്‍ഡറില്‍ സംസ്ഥാനത്ത് സേവനം നല്‍കുന്നതും അല്ലാത്തതുമായ കമ്പനികളാണ് പങ്കെടുക്കുന്നത്. ജില്ലാഭരണകൂടം നിശ്ചയിച്ച 90 ശതമാനം സ്ഥലത്ത് വൈഫൈ സ്ഥാപിക്കണമെന്നും ടെന്‍ഡറില്‍ വ്യവസ്ഥയുണ്ട്. ഏഴുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കണ്ണൂരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം വൈഫൈ സേവനം ലഭ്യമാക്കും. തളിപ്പറമ്പ്, പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ ബസ്!സ്റ്റാന്‍ഡുകളില്‍ സേവനമുണ്ടാകും. കളക്ടറേറ്റ്, പയ്യാമ്പലം ബീച്ച്, കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ എന്നിവിടങ്ങളും ഹോട്ട്‌സ്‌പോട്ട് സ്ഥാപിക്കാനുള്ള പട്ടികയിലിടംപിടിച്ചിട്ടുണ്ട്.