കണ്ണൂര്‍: ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് ജനകീയ പങ്കാളിത്തത്തോടെ സംരക്ഷിക്കാനും വര്‍ധിപ്പിക്കാനും പ്രാദേശികതല സമിതികള്‍ രൂപവത്കരിക്കാന്‍ തീരുമാനം. കണ്ണൂര്‍ ഫിഷറീസ് ബോധവത്കരണ കേന്ദ്രത്തില്‍ നടന്ന കര്‍ഷക സംഗമത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചതാണിത്.

പഞ്ചായത്തുതലങ്ങളില്‍ ഫിഷറീസ് മാനേജ്‌മെന്റ് കൗണ്‍സിലുകള്‍ രൂപവത്കരിക്കും. പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപവും സംരക്ഷണവും വിനിയോഗവും ഈ കൗണ്‍സിലുകളുടെ പരിശോധനയ്ക്ക് വിധേയമാക്കും. അതത് പ്രദേശത്തെ പഞ്ചായത്ത് പ്രസിഡന്റുമാരാണ് കൗണ്‍സിലിന്റെ ചെയര്‍മാന്‍മാര്‍.

അനുയോജ്യമായ എല്ലാ ജലാശയങ്ങളിലും തുടര്‍ച്ചയായ മൂന്നുവര്‍ഷം ഒരേകേന്ദ്രത്തില്‍ മത്സ്യവിത്ത് നിക്ഷേപിച്ച് പുരോഗതി വിലയിരുത്തും. അനുയോജ്യമായ കാര്‍പ്പ് മത്സ്യങ്ങള്‍, ചെമ്മീന്‍, കരിമീന്‍, പൂമീന്‍, തിരുത ഇനങ്ങള്‍ ശുദ്ധജല, ഓരുജല മേഖലകളില്‍ നിക്ഷേപിക്കുന്നതാണ്. കൂടുകൃഷിയുടെയും കാരചെമ്മീനിന്റെയും ശുദ്ധജല മത്സ്യകൃഷിയുടെയും മാതൃകാ-പ്രദര്‍ശന ഫാമുകള്‍ മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ ഒരുക്കും.

വിവിധ ഘടകപദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കുള്ള സഹായധനം ചടങ്ങില്‍ വിതരണം ചെയ്തു. മത്സ്യസമൃദ്ധി പദ്ധതി അവലോകനവും പുതിയ പദ്ധതിയുടെ അവതരണവും നടന്നു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ.സുരേഷ് ബാബു അധ്യക്ഷനായിരുന്നു. അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.പുരുഷോത്തമന്‍, കര്‍ഷകപ്രതിനിധികളായ ഇ.ടി.ഗിരീശന്‍, എ.കെ.നാരായണന്‍, എം.റൗഫ്, അസി. എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ രജീഷ് ടി.കെ., നോഡല്‍ ഓഫീസര്‍ കെ.വി.സരിത, ബൈജു, ഗലീന, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി.കെ.സുധീര്‍ കിഷന്‍ എന്നിവര്‍ സംസാരിച്ചു.