കണ്ണൂര്‍: പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് ബുധനാഴ്ച പൂര്‍ത്തിയായതോടെ ക്ലാസുകള്‍ വ്യാഴാഴ്ച തുടങ്ങും. ജില്ലയില്‍ ആകെ 25,197 സീറ്റുകളാണുണ്ടായിരുന്നത്. സാമുദായിക, മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ക്ക് പുറമെയാണിത്. ഇതിലേക്കായി 37,510 അപേക്ഷകരുണ്ടായിരുന്നു.
 
ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19,009 പേര്‍ക്ക് അവസരം ലഭിച്ചു. വ്യാഴാഴ്ച ഡാറ്റ എന്‍ട്രി പൂര്‍ത്തിയാകുന്നതോടെ ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണം അറിയാനാകും. സി.ബി.എസ്.ഇ., വി.എച്ച്.എസ്.ഇ., ഐ.ടി.ഐ. പ്രവേശനം കൂടിയാകുമ്പോള്‍ വീണ്ടും സീറ്റുകള്‍ ഒഴിവുവരും. എന്നാല്‍ ഇഷ്ടവിഷയങ്ങള്‍ ലഭിക്കണമെന്നില്ല. ഇവര്‍ക്ക് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.

രണ്ടാം അലോട്ട്‌മെന്റോടുകൂടി പ്രവേശനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. താത്കാലിക പ്രവേശനത്തില്‍ തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് അലോട്ട് ചെയ്ത സ്‌കൂളില്‍ സ്ഥിരപ്രവേശനത്തിനുള്ള അവസരമാണ് ബുധനാഴ്ചയോടെ പൂര്‍ത്തിയായത്.

ഇനി സ്‌കൂള്‍മാറ്റത്തിനുള്ള അവസരമുണ്ട്. 30-ന് സ്‌കൂള്‍ മാറ്റത്തിന് അപേക്ഷിക്കാം. തുടര്‍ന്നുണ്ടാകുന്ന ഒഴിവുകളനുസരിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടക്കും. ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ മറ്റുസംവരണ വിഭാഗങ്ങള്‍ക്ക് ഊഴംെവച്ചു നല്‍കുമെന്നും തുടര്‍ന്നും ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ മെറിറ്റ് വിഭാഗത്തില്‍നിന്ന് നികത്തുമെന്നും ഹയര്‍ സെക്കന്‍ഡറി അധികൃതര്‍ അറിയിച്ചു.

സി.ബി.എസ്.ഇ.യുടെ സ്‌കൂള്‍തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കും 2016 എസ്.എസ്.എല്‍.സി. സേ പരീക്ഷ വിജയിച്ചവര്‍ക്കും നേരത്തേ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന മറ്റുവിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള സപ്‌ളിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ജൂലായ് എട്ടുമുതല്‍ സമര്‍പ്പിക്കാം. എന്നാല്‍ ഈ തീയതി സ്ഥിരീകരിച്ചിട്ടില്ല. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലെ അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്‌ളിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം.

മനഃപൂര്‍വമല്ലാതെ പ്ലസ് വണ്‍ അപേക്ഷകളില്‍ പിഴവ് വരുത്തിയ പിന്നാക്ക സമുദായക്കാര്‍ക്ക് അപേക്ഷ തിരുത്തിനല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യം കൈപ്പറ്റുന്ന മറ്റു പിന്നാക്ക സമുദായക്കാരിലെ അപേക്ഷകര്‍ക്കാണ് ഇതിന് അവസരമുള്ളത്. ചില മറ്റു പിന്നാക്ക സമുദായക്കാര്‍ക്ക് ഒ.ഇ.സി.യുടെ വിദ്യാഭ്യാസ ആനുകൂല്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യം കൈപ്പറ്റുന്നവരില്‍ ചിലര്‍ പ്ലസ് വണ്‍ അപേക്ഷകളില്‍ ഒ.ഇ.സി. എന്ന് രേഖപ്പെടുത്തിയതാണ് പ്രവേശനത്തിന് തടസ്സമായത്. വിദ്യാഭ്യാസ ആനുകൂല്യത്തിന് മാത്രമേ അര്‍ഹതയുള്ളൂ. സംവരണം ഒ.ബി.സി.യുടെത് തന്നെയാണ്. ഇവര്‍ക്ക് തിരുത്തല്‍വരുത്തി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകും.