കണ്ണൂര്‍: അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്നതിനൊപ്പംതന്നെ പ്രധാനമാണ് സാമൂഹികപ്രശ്‌നങ്ങളിലെ സജീവമായ ഇടപെടല്‍ എന്ന് തെളിയിച്ചുകൊണ്ട് എന്‍.ജി.ഒ. യൂണിയന്‍ അമ്പത്തിനാലാം സംസ്ഥാന സമ്മേളനം. 54 വര്‍ഷത്തിനിടയില്‍ നാലാമത് കണ്ണൂരിലെത്തുന്ന സമ്മേളനം വ്യത്യസ്തമാകുന്നത് സാമൂഹികമായി ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍കൊണ്ടുകൂടിയാണ്. ചാവശ്ശേരി പറമ്പ് കോളനി ദത്തെടുത്ത് അവിടത്തെ കുടുംബങ്ങളുടെ ക്ഷേമപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ് യൂണിയന്‍.

രണ്ട് കിണറുകള്‍ നവീകരിച്ച് പമ്പ് സെറ്റും ടാങ്കുകളും സ്ഥാപിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കുകയാണ് സമ്മേളനത്തിന്റെ ഭാഗമായി ചെയ്ത ഒരു പ്രവര്‍ത്തനം. കാര്‍ഷികരംഗത്ത് സര്‍ക്കാര്‍ ജീവനക്കാരും സജീവമാകണമെന്ന സന്ദേശം നല്‍കാന്‍ ജൈവകൃഷിയിലും സംഘടന ശ്രദ്ധയൂന്നി. സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള അരി യൂണിയന്‍ പ്രവര്‍ത്തകര്‍ കൃഷിചെയ്തുണ്ടാക്കുകയായിരുന്നു. ആവശ്യമായ പച്ചക്കറികളും സ്വയം കൃഷിചെയ്തുണ്ടാക്കി. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതിയുടെ പ്രചാരണംകൂടി സമ്മേളനത്തിന്റെ ഭാഗമായി ഏറ്റെടുക്കുകയായിരുന്നു.

എന്‍.ജി.ഒ. യൂണിയന്‍ രൂപവത്കരണത്തില്‍ പ്രധാന പങ്ക് വഹിച്ച ജില്ലയെന്ന നിലയില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനസമ്മേളനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍ പറഞ്ഞു. 1962-ല്‍ കേരള എന്‍.ജി.ഒ.യൂണിയന്‍ നിലവില്‍ വരുന്നതിനുമുന്‍പുതന്നെ സജീവമായിരുന്ന നോര്‍ത്ത് മലബാര്‍ എന്‍.ജി.ഒ. അസോസിയേഷന്റെ പ്രധാന കേന്ദ്രമായിരുന്നു കണ്ണൂര്‍. 1967-ലെ ആദ്യത്തെ എന്‍.ജി.ഒ. സമരത്തില്‍ കണ്ണൂര്‍ ജില്ലയുടെ പങ്ക് വിപുലമായിരുന്നു. അന്ന് സമരത്തിന് നേതൃത്വം നല്‍കിയവരിലൊരാളായ ടി.കെ.ബാലന്‍ പിന്നീട് ദീര്‍ഘകാലം സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1973-ല്‍ ശമ്പളപരിഷ്‌കരണത്തിനും ഇടക്കാലാശ്വാസത്തിനും വേണ്ടി നടന്ന 54 ദിവസത്തെ പണിമുടക്ക് ജനകീയസമരമായി മാറുകയായിരുന്നു കണ്ണൂരില്‍.

സര്‍ക്കാര്‍ ജീവനക്കാരുടെ മികവുറ്റ സംഘാടകനായിരുന്ന ടി.കെ.ബാലന്‍ ആ രംഗം വിട്ടശേഷം കണ്ണൂരിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രധാന നേതാക്കളിലൊരാളായി. കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്, എം.എല്‍.എ. എന്നീ നിലയില്‍ ജനങ്ങളുടെയാകെ സ്‌നേഹാദരങ്ങള്‍ നേടിയ നേതാവായിരുന്നു ടി.കെ.ബാലന്‍. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍നിന്നാണ് സമ്മേളനനഗരിയിലേക്കുള്ള പതാക എത്തിച്ചത്.

കാര്യക്ഷമവും ജനോന്മുഖവും അഴിമതിരഹിതവും സുതാര്യവുമായ സിവില്‍ സര്‍വീസ് എന്ന മുദ്രാവാക്യമാണ് കണ്ണൂര്‍ സമ്മേളനത്തില്‍ ഉയര്‍ത്തുന്നതെന്നത് സമ്മേളനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.