കണ്ണൂര്‍: ഇടതു-വലതുമുന്നണികളില്‍ കുറുമുന്നണി രൂപംകൊള്ളുകയാണെന്ന് ബി.ജെ.പി. ദേശീയ നിര്‍വഹാകസമതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കാനം പറയുന്നത് കോടിയേരിയുടെ വാക്കുകളാണ്.

പിണറായിയാകട്ടെ, സി.പി.ഐ.യെ പുറത്താക്കി ലീഗിനെ മുന്നണിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പയ്യാമ്പലത്ത് കെ.ജി. മാരാര്‍ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു കൃഷ്ണദാസ്. ബുദ്ധദേവിന്റെ മാതൃക പിന്തുടര്‍ന്ന് മൂന്നാറിനെ കേരളത്തിലെ നന്ദിഗ്രാമമാക്കാനാണ് പിണറായി ശ്രമിക്കുന്നത്.

ദേവികളം സബ്കളക്ടറെയും സെന്‍കുമാറിനെയുമൊക്കെ ആര്‍.എസ്.എസ്. ആയി ചിത്രീകരിക്കുന്നത് അവരുടെ ധീരത കണ്ടിട്ടാണ്. ഇത് ബി.ജെ.പി.ക്കും ആര്‍.എസ്.എസിനും അഭിമാനം പകരുന്നതാണ്. ഉപദേശികള്‍ ധാരാളമുണ്ടായിട്ടും ഉചിതമായ തീരുമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് മുഖ്യമന്ത്രിയെന്നും കൃഷ്ണദാസ് പറഞ്ഞു.

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. കെ.രഞ്ജിത്ത്, വി.രത്‌നകുമാര്‍ എന്നിവര്‍ സംസാരിച്ചു. മാരാര്‍ സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് പി.കെ.വേലായുധന്‍, എം.പി.ഗംഗാധരന്‍, എം.കെ.വിനോദ്, എ.പി.പദ്മിനി, ടി.പി.സംഗീത എന്നിവര്‍ നേതൃത്വംനല്‍കി.