കണ്ണൂര്‍: മലയാളസിനിമാഗാനശാഖയിലെ അനശ്വരപ്രതിഭ കെ.രാഘവന്‍ മാസ്റ്ററുടെ പൂര്‍ണകായപ്രതിമ വ്യാഴാഴ്ച അദ്ദേഹത്തിന്റെ സ്വന്തം മണ്ണിനെ തൊടും. പ്രതിമ ശില്പി എന്‍.മനോജ് കുമാറിന്റെ കണ്ണൂര്‍ ചൊവ്വ സ്​പിന്നിങ് മില്‍ പരിസരത്തെ വീട്ടില്‍നിന്നാണ് രാഘവന്‍ മാസ്റ്ററുടെ നാടായ തലശ്ശേരിയിലെത്തിക്കുക. തലശ്ശേരി ജില്ലാ കോടതിക്ക് അഭിമുഖമായി കടലോരത്തുള്ള സെന്റിനറി പാര്‍ക്കിലാണ് ശില്പം സ്ഥാപിക്കുക. 30-ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിമ അനാവരണം ചെയ്യും.

സാംസ്‌കാരികവകുപ്പും തലശ്ശേരി നഗരസഭയും ചേര്‍ന്ന് 45 ലക്ഷം രൂപ ചെലവിലാണ് ശില്പം നിര്‍മിച്ചത്. രണ്ടു വര്‍ഷം മുമ്പേ പ്രവൃത്തി തുടങ്ങി. ഒന്നരയാള്‍ പൊക്കത്തില്‍ പൂര്‍ണമായും വെങ്കലത്തിലാണ് നിര്‍മാണം. ജുബ്ബയും മുണ്ടും വേഷം. മാസ്റ്റര്‍ പാട്ടിന് ഈണമിടുന്ന തരത്തിലാണ് ശില്പത്തിന്റെ രൂപകല്പന. അദ്ദേഹം സ്ഥിരമായി ഉപയോഗിച്ചിരുന്ന കണ്ണടയും വാച്ചുമുള്‍പ്പെടെ അതേപടി പുനര്‍നിര്‍മിച്ചു.
 
മദ്രാസ് ആശാന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ സ്ഥാപിച്ച മഹാകവി കുമാരനാശാന്‍, ജര്‍മനി കാല്‍വ് ഹെര്‍മന്‍ ഹെസ്സെ മ്യൂസിയത്തിലെ ഹെര്‍മന്‍ ഹെസ്സെ, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ മഹാകവി ചങ്ങമ്പുഴ തുടങ്ങി നിരവധി പ്രമുഖ പ്രതിമകളുടെ ശില്പിയാണ് മനോജ്കുമാര്‍. സംജോദ് ഏച്ചൂര്‍, ജയചന്ദ്രന്‍ കൊയിലാണ്ടി, സുരേന്ദ്രന്‍, ബാലന്‍, സുഭാഷ് തുടങ്ങിയവര്‍ ശില്പനിര്‍മാണവുമായി സഹകരിച്ചു. 2013 ഒക്ടോബര്‍ 19-നാണ് രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചത്. 100-ാം വയസ്സിന് 44 ദിവസം മാത്രം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം.

ശില്പത്തിന്റെ അവസാനമിനുക്കുപണികള്‍ കാണാനായി തലശ്ശേരി നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന്‍, ഉപാധ്യക്ഷ നജ്മ ഹാഷിം തുടങ്ങിയവര്‍ ബുധനാഴ്ച ശില്പിയുടെ വീട് സന്ദര്‍ശിച്ചു. നേരത്തെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, മാഷിന്റെ സന്തതസഹചാരിയും ഗായകനുമായ വി.ടി.മുരളി ഉള്‍പ്പെടെയുള്ളവര്‍ ശില്പം കണ്ട് വിലയിരുത്തിയിരുന്നു. രാഘവന്‍ മാസ്റ്ററുടെ മക്കളും സന്ദര്‍ശനം നടത്തി.

30-ന് രാഘവന്‍ മാസ്റ്റര്‍ അന്ത്യവിശ്രമം കൊള്ളുന്ന സെന്റിനറി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എ. അധ്യക്ഷതവഹിക്കും. മന്ത്രിമാരായ കെ.കെ.ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പി.മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, റിച്ചാര്‍ഡ് ഹേ എന്നിവരുള്‍പ്പെടെ സംബന്ധിക്കും. മാസ്റ്ററുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതശില്പം, സംഗീതനിശ എന്നിവയുമുണ്ടാകും.