ഇരിട്ടി: ഇരിട്ടി പാലംപണിക്കിടെ പുഴയില്‍വീണ് മുങ്ങിപ്പോയ കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി കരയ്‌ക്കെത്തിക്കാനുള്ള ഖലാസികളുടെ ആറുദിവസത്തെ പ്രവര്‍ത്തനം ഫലം കണ്ടു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെ 25 അടിയോളം താഴ്ചയില്‍ വെള്ളത്തില്‍ മുങ്ങിക്കിടന്ന ലോറിയാണ് കരയ്‌ക്കെത്തിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു പാലത്തിന്റെ തൂണുകള്‍ക്കുള്ള കോണ്‍ക്രീറ്റ് റെഡിമിക്‌സുമായി എത്തിയ ലോറി പുഴയിലേക്ക് മറിഞ്ഞത്. പാലംപണിക്കായി പുഴയിലേക്ക് നിര്‍മിച്ച താത്കാലിക മണ്‍റോഡ് ഇടിഞ്ഞ് പുഴയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ഡ്രൈവര്‍ ലോറിയിലുണ്ടായിരുന്നെങ്കിലും പെട്ടെന്ന് പുറത്തേക്ക് ചാടിയതിനാല്‍ രക്ഷപ്പെട്ടു.

വളപട്ടണത്തുനിന്നെത്തിയ കെ.എ.ഹാഷിമിന്റെ നേതൃത്വത്തിലുള്ള ഖലാസികള്‍ ആറുദിവസമായി വാഹനം പുറത്തെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു. 25 അടിയിലേറെ വെള്ളത്തില്‍ മുങ്ങിക്കിടന്ന ലോറി പാലംപണിക്കായി പുഴയില്‍ തള്ളിയ മണ്ണിലെ ചെളിയില്‍ ഉറച്ചുപോയതും കോണ്‍ക്രീറ്റ് മിക്‌സര്‍ ടാങ്കില്‍ നിറയെ ഉള്ളതും കാരണം ശ്രമം ദുഷ്‌കരമായി. പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ പൂര്‍ണമായും അടച്ചതുമൂലം ജലവിതാനം ഉയര്‍ന്നതും വാഹനം പൊക്കിയെടുക്കുന്നതിന് തടസ്സം നേരിട്ടു.

മുങ്ങല്‍വിദഗ്ധരെ കൊണ്ടുവന്ന് വാഹനത്തില്‍ വടം ഉറപ്പിച്ചശേഷമായിരുന്നു പുറത്തെടുക്കാനുള്ള ശ്രമം തുടര്‍ന്നത്. വാഹനം വലിച്ചുകയറ്റാന്‍ ഉപയോഗിച്ച ഇരുമ്പ് വടങ്ങള്‍ പലതവണ പൊട്ടിപ്പോയി. ബുധനാഴ്ച ഉച്ചയോടെ നാല് ക്രെയിനുകള്‍ ഉപയോഗിച്ച് വാഹനം പുറത്തെത്തിച്ചു. ഇതിനിടെ വാഹനത്തില്‍ നിന്ന് കോണ്‍ക്രീറ്റ് മിശ്രിതം നിറച്ച ടാങ്ക് വേര്‍പ്പെട്ടുപോയി.

30 അടിയോളം താഴ്ചയില്‍ വെള്ളത്തിനടിയില്‍ കിടക്കുന്ന ടാങ്ക് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ലോറി പൊക്കിയെടുക്കുന്നത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്താനും മറ്റുമായി ഏറെപേര്‍ തടിച്ചുകൂടിയത് പ്രയാസമുണ്ടാക്കി. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് സഹായവും തേടെണ്ടിവന്നു.

തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ പാലത്തിന്റെ പ്രവൃത്തികള്‍ നടക്കുന്നത്. പെരുമ്പാവൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.