ഇരിട്ടി: മുഴക്കുന്നില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടത്തിന്റെ അക്രമത്തില്‍ ബൈക്ക് യാത്രികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്.

മുഴക്കുന്ന് വട്ടപ്പൊയില്‍ സ്വദേശികളായ വിനോദ്, ശങ്കരന്‍ നമ്പൂതിരി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ഇരുകാലുകളും പൊട്ടിയനിലയില്‍ വിനോദിനെ കോഴിക്കോട് സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടുമുറ്റത്ത് ആനയെക്കണ്ട് ഭയന്നോടിയപ്പോള്‍ വീണ് സാരമായി പരിക്കേറ്റ ശങ്കരന്‍ നമ്പൂതിരിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാസ്​പത്രിയിലും പ്രവേശിപ്പിച്ചു.

ആറളം ഫാമില്‍നിന്ന് ബാവലി പുഴകടന്നാണ് മൂന്ന് ആനകള്‍ ജനവാസ കേന്ദ്രത്തില്‍ എത്തിയത്. ഒരുകൊമ്പനും പിടിയാനയും കുട്ടിയാനയും ഉള്‍പ്പെട്ട സംഘം മണിക്കൂറുകളോളം ഗ്രാമത്തെ മുള്‍മുനയില്‍ നിര്‍ത്തി.


രണ്ടുദിവസമായി ജനവാസകേന്ദ്രത്തില്‍

രണ്ടുദിവസമായി ജനവാസകേന്ദ്രത്തില്‍ കറങ്ങിനടക്കുകയായിരുന്നു ആനക്കൂട്ടം. ആറളം ഫാമില്‍നിന്ന് പെരുമ്പുന്ന കല്ലേരിമലവഴി മുഴക്കുന്ന് പ്രദേശത്തെത്തിയ കാട്ടാനകള്‍ വെള്ളിയാഴ്ച രാത്രിയോടെ വട്ടപ്പൊയില്‍ മേഖലയിലേക്ക് കടക്കുകയും ജനവാസ കേന്ദ്രത്തില്‍ തമ്പടിക്കുകയുമായിരുന്നു.

പുലര്‍ച്ചെ റോഡരികില്‍ നിന്ന ആനക്കൂട്ടം ബൈക്കില്‍ പോവുകയായിരുന്ന വിനോദിനെ ആക്രമിക്കുകയായിരുന്നു. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിന് സമീപത്തെത്തിയ ആനക്കൂട്ടം നിരവധിപേരുടെ വാഴ, മരച്ചീനി എന്നിവ നശിപ്പിച്ചു.

മുഴക്കുന്ന് ടൗണിന് സമീപത്തെ ഹോമിയോ ആസ്​പത്രിവഴി മുഴക്കുന്ന് ഗ്രാമത്തിനടുത്ത് കൂളിക്കുന്നിലെ കാടുനിറഞ്ഞ പറമ്പില്‍ നിലയുറപ്പിച്ചു. സമീപത്ത് നിരവധി വീടുകളുള്ള പ്രദേശമായതിനാല്‍ അധികൃതര്‍ ആശങ്കയിലായി. നിരവധിപേര്‍ പ്രദേശത്ത് തടിച്ചുകൂടി. ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചു.

ആറളം വൈല്‍ഡ് ലൈഫ് അസി. വാര്‍ഡന്‍ വി.മധുസൂദനന്റെ നേതൃത്വത്തില്‍ വനംവകുപ്പും വനം വകുപ്പിന്റെ റാപ്പിഡ് റസ്‌പോണ്‍സ് ടീം സ്ഥലത്തെത്തി. ജനവാസ മേഖലയില്‍നിന്ന് ആനയെ തുരത്തുന്നത് അപകടകരമാണെന്ന് മനസ്സിലാക്കി കാടിനുചുറ്റും വനംവകുപ്പിന്റെ ഗാര്‍ഡുമാരെയും പോലീസിനെയും വിന്യസിച്ചു.

ആനക്കൂട്ടത്തിന്റെ നീക്കം നിരീക്ഷിച്ച സംഘം ജനവാസമേഖലയില്‍ നിന്ന് ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് പദ്ധതി തയ്യാറാക്കി. സ്ഥലത്തെത്തിയ സണ്ണി ജോസഫ് എം.എല്‍.എ. കളക്ടറുമായും ഡി.എഫ്.ഒ.യുമായും ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. എം.എല്‍.എ.യുടെ നേതൃത്വത്തില്‍ മുഴക്കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബുജോസഫ്, ഡിവൈ.എസ്.പി., വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് വനത്തിലേക്ക് തുരത്തുന്നതിനുള്ള പദ്ധതി തയ്യാറാക്കി.


സ്‌ക്വാഡുണ്ടാക്കി, ഗതാഗതം നിയന്ത്രിച്ചു

വനത്തിലേക്കുള്ള ആനയുടെ യാത്ര സുഗമമാക്കുന്നതിനും ജനങ്ങള്‍ക്ക് സുരക്ഷ ഒരുക്കുന്നതിനുമായി വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡ് രൂപവത്കരിച്ചു. ആറുമണിക്ക് തുരത്താനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും മൂന്നുമണിയോടെ ആന ജനവാസ മേഖലയിലേക്ക് നീങ്ങിത്തുടങ്ങി.

സുരക്ഷാ ജീവനക്കാര്‍ ആനയെ പിന്തുടര്‍ന്ന് കാക്കയങ്ങാട് വരെ എത്തിച്ചു. ഇരിട്ടി-പേരാവൂര്‍ റോഡില്‍ ഗാതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി ആനയുടെ സുഗമമായ യാത്രയ്ക്ക് വഴിയൊരുക്കിയെങ്കിലും ആന തിരിഞ്ഞോടിയതോടെ വീണ്ടും ആശങ്ക ശക്തമായി.

രാത്രിയോടെ ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. സംഭവമറിഞ്ഞ് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും സ്ഥലത്തെത്തി.