ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തസ്സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി ഇരിട്ടിയില്‍ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ രൂപരേഖയില്‍ വീണ്ടും മാറ്റംവരുത്തി.

കരാര്‍ കാലാവധി തീരാന്‍ ആറുമാസംപോലുമില്ലെന്നിരിക്കെ പാലത്തിന്റെ പൈലിങ്ങുപോലും പൂര്‍ത്തിയാവില്ല. പൈലിങ്ങിന്റെ ആഴം രണ്ടുമീറ്ററില്‍നിന്ന് മൂന്നുമീറ്ററാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ മഴയ്ക്കുമുന്‍പ് പൈലിങ് പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. കഴിഞ്ഞ കാലവര്‍ഷത്തില്‍ പൈലിങ് ഒഴുകിപ്പോയതിനെ തുടര്‍ന്നാണ് പാലംനിര്‍മാണം പ്രതിസന്ധയിലായത്.

പാലത്തിനായി പുഴയില്‍ നിര്‍മിക്കേണ്ട രണ്ട് തൂണുകളുടെ കാര്യത്തില്‍ ഉന്നത സങ്കേതിക വിദഗ്ധന്‍മാര്‍ക്കിടിയിലുണ്ടയ വ്യത്യസ്ത അഭിപ്രായങ്ങളും പൈലിങ്ങിനെ ബാധിച്ചു. നേരത്തേ നാല് പൈലിങ്ങോടുകൂടി തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.

പാലംനിര്‍മാതാക്കളിലുണ്ടായ ഭിന്നാഭിപ്രായം രൂപരേഖയെയും ബാധിച്ചു. അന്തിമമായി ആറ് പൈലിങ്ങും പാറകഴിഞ്ഞ് മൂന്നുമീറ്റര്‍ ആഴവുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. തുടക്കതില്‍ നാല് പൈലിങ്ങും പാറകഴിഞ്ഞ് ഒന്നുരണ്ട് മീറ്ററുമായിരുന്നു നിദേശിച്ചിരുന്നത്.

ഇതുപ്രകാരം പൂര്‍ത്തിയാക്കിയതാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. രണ്ട് തൂണുകള്‍ക്കായി പൂര്‍ത്തിയാക്കേണ്ട 12 പൈലിങ്ങില്‍ ഒന്നിന്റെ കോണ്‍ക്രീറ്റുമാത്രമാണ് പൂര്‍ത്തിയായത്.

പുഴയുടെ ഇരിട്ടി ടൗണിനോടുചേര്‍ന്ന ഭാഗത്തെ തുണിന് പാറവരെയെത്താന്‍ 14 മീറ്ററും പായം പഞ്ചായത്തിന്റെ ഭാഗത്തെ തൂണിന് 11 മീറ്ററുമാണ് പൈലിങ് നടത്തേണ്ടത്. ഇവ പൂര്‍ത്തിയാകണമെങ്കില്‍ മൂന്നുമാസമെങ്കിലുമെടുക്കും. കാലവര്‍ഷം തുടങ്ങിയാല്‍ പുഴയിലെ ഒഴുക്ക്് പണിയെ ബാധിക്കും.

21 മീറ്റര്‍ വീതിയില്‍ നീളത്തില്‍ നടപ്പാതയടക്കം 12 മീറ്റര്‍ വീതിയിലാണ് ഇരിട്ടി പുതിയപാലം വരുന്നത്. പഴയപാലം അപകടാവസ്ഥയിലാണ്. പാലത്തിന്റെ മേല്‍ക്കൂരയും അടിത്തറയും തകര്‍ന്നുവീഴാന്‍ പാകത്തില്‍ നില്‍ക്കുകയാണ്.