ഇരിട്ടി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന തിന്മകള്‍ക്കെതിരെ പോരാടാന്‍ അമ്മമാര്‍ തയ്യാറാകണമെന്ന് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു. കുന്നോത്ത് ഫൊറോനയിലെ 14 ഇടവകകളിലും മാതൃവേദി യൂണിറ്റുകള്‍ ആരംഭിച്ച് സമ്പൂര്‍ണ മാതൃവേദി ഫൊറോന പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.

അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ സന്ധിയില്ലാ സമരത്തിന് തയ്യാറാകണമെന്നും മദ്യവിപത്തിനെതിരെ കര്‍മപദ്ധതികളുമായി മാതൃവേദി അംഗങ്ങള്‍ രംഗത്തിറങ്ങണമെന്നും മാര്‍ ജോസഫ് പാംബ്ലാനി ആവശ്യപ്പെട്ടു.

അക്രമ രാഷ്ട്രീയത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ മനുഷ്യ മനസ്സാക്ഷിയെ ഉണര്‍ത്തുന്നതിനായി സെയ്ന്റ് ജൂഡ് നഗറില്‍നിന്ന് സെയ്ന്റ് തോമസ് ഫൊറോന ദേവാലയത്തിലേക്ക് മാതൃവേദി അംഗങ്ങള്‍ നടത്തിയ ജപമാല റാലി അതിരൂപതാ ഡയറക്ടര്‍ ഫാ. ജോബി കോവാട്ട് ഫ്‌ലാഗ് ഓഫ് ചെയ്തു. ദിവ്യബലിക്കുശേഷം കുന്നോത്ത് ഫൊറോന ദൈവാലയത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഫാ. ജോബി കോവാട്ട് അധ്യക്ഷതവഹിച്ചു.

മാതൃവേദി ഫൊറോന ഡയറക്ടര്‍ ഫാ. ജേക്കബ് കരോട്ട്, ഫാ. മാത്യു കല്ലിങ്കല്‍, സിസ്റ്റര്‍ ഫില്‍സി, മാതൃവേദി ഫൊറോന പ്രസിഡന്റ് ജെസ്സി പുറ്റാമറ്റം, കുന്നോത്ത് യൂണിറ്റ് പ്രസിഡന്റ് മിനി മംഗലത്തില്‍, ജീന മാത്യു കുളത്തിങ്കല്‍, ലാലി പനച്ചിക്കല്‍ കരോട്ട്, ലൂസി തച്ചിലേട്ട്, രാജി പായിത്തോട്ടം എന്നിവര്‍ സംസാരിച്ചു.