ഇരിട്ടി: നിരവധി കാര്‍മികളുടെ നേതൃത്വത്തില്‍ അരണികടഞ്ഞെടുത്ത അഗ്നി യാഗവേദിയിലെ ഹോമകുണ്ഡങ്ങളിലേക്ക് യജ്ഞാചാര്യന്‍ ശ്രീലശ്രീ ഡോ. അനന്തശയന ശര്‍മാജി പകര്‍ന്നതോടെ നാലുദിവസം നീണ്ടുനില്‍ക്കുന്ന സമഷ്ടി ചണ്ഡികാ മഹായാഗം തുടങ്ങി. പുന്നാട് ഗീതാഗ്രാമത്തില്‍ നിവേദിതാ വിദ്യാലയാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വിശാലമായ പന്തലിലാണ് ഏഴുമുതല്‍ 10 വരെ യാഗം നടക്കുന്നത്.

പ്രധാന ഹോമകുണ്ഡം ഉള്‍പ്പെടെ അഞ്ച് ഹോമകുണ്ഡങ്ങളാണ് യാഗവേദിയിലെ പന്തലില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ മുതല്‍ നടന്ന വിവിധ പൂജകള്‍ക്കുശേഷം വൈകുന്നേരത്തെ പ്രത്യേക മുഹൂര്‍ത്തത്തില്‍ കാര്‍മികള്‍ അരണികടഞ്ഞാണ് അഗ്നിയജനം നടത്തിയത്. തുടര്‍ന്ന് യജ്ഞാചാര്യന്‍ പ്രധാന ഹോമകുണ്ഡത്തിലേക്കും തുടര്‍ന്ന് മറ്റ് നാല് ഹോമകുണ്ഡങ്ങളിലേക്കും തീ പകരുകയായിരുന്നു.

നൂറുകണക്കിന് പേര്‍ തങ്ങളുടെ ഗ്രാമത്തില്‍ ആദ്യമായി നടക്കുന്ന യാഗകര്‍മങ്ങള്‍ വീക്ഷിക്കാനായെത്തിയിരുന്നു. സമഷ്ടി മഹാഗണപതിഹോമം, സന്താനഗോപാലപൂജ, ഗായത്രിഹോമം, നവഗ്രഹഹോമം, ശ്രീവിദ്യാസരസ്വതിഹോമം, ധന്വന്തരീഹോമം, ദുര്‍ഗാഹോമം തുടങ്ങി നിരവധി യാഗങ്ങള്‍ ഞായറാഴ്ച നടക്കും. പ്രശസ്ത ആധ്യാത്മികാചാര്യന്മാരുടെ പ്രഭാഷണങ്ങള്‍, വിവിധ കലാപാരിപാടികള്‍ എന്നിവയും യാഗവേദിക്ക് സമീപം നടക്കും.