ഇരിട്ടി : ആറളം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റ് മരിച്ച റെജി എബ്രഹാമിന്റെ മൃതദേഹം വെള്ളിയാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. കരിക്കോട്ടക്കരി വാളത്തോട്ടെ വീട്ടില്‍ ജനപ്രതിനിധികളും മത- രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. രാവിലെ 11 മണിയോടെ എടപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.

ഫാമിന്റെ ഉടമസ്ഥതയിലുള്ള മൂന്നാം ബ്ലോക്കിലെ കൈതച്ചക്ക കൃഷിയുടെ കാവല്‍ക്കാരനാണ് റെജി. ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രവും പിന്നിട്ടെ ത്തിയ കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനിടയില്‍ റെജി ഒരു കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. മൂന്ന് കാട്ടാനകളാണ് കൃഷിയിടത്തില്‍ എത്തിയത്. ഇതില്‍ രണ്ടെണ്ണത്തെ തുരത്തിയ റെജിയും സംഘവും മൂന്നാമതൊന്നിനെ കണ്ടിരുന്നില്ല.

സണ്ണിജോസഫ് എം.എല്‍.എ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, അയ്യന്‍കുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ െസബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, ആറളം പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, വൈസ് പ്രസിഡന്റ് കെ.വേലായുധന്‍, പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന്‍, ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

റെജിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ മൂന്ന് ആനകളെയും വനത്തിലേക്ക് തുരത്താനുള്ള നടപടികളും ആരംഭിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് ആനയെ തുരത്തുന്നത്.