തലശ്ശേരി: അവര്‍ തിടുക്കത്തില്‍ മുറ്റത്തേക്കിറങ്ങി. പിന്നെ, നിമിഷ നേരമേ വേണ്ടിവന്നുള്ളൂ, പഴയ ഇരുനിലവീട് നിലംപൊത്തി. ടെമ്പിള്‍ഗേറ്റ് മമ്പള്ളി വീട്ടില്‍ മമ്പള്ളി രജീഷും ഭാര്യയും രണ്ട് മക്കളുമാണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ പത്തോടെയാണ് സംഭവം. വീടിനുള്ളില്‍ രാമായണം വായിക്കുകയായിരുന്നു രജീഷ്. ഈ സമയം വീട്ടില്‍നിന്ന് 50 മീറ്റര്‍ അകലെയുള്ള പാളത്തിലൂടെ തീവണ്ടി കടന്നുപോയി. അതിനിടെ വീടിന്റെ പിറകില്‍നിന്ന് ചെറിയൊരു ശബ്ദംകേട്ട് ചെന്നുനോക്കി. പിന്‍ ചുമരില്‍ ചെറിയൊരു വിള്ളല്‍ കണ്ടു.

തലേദിവസം വീടിന്റെ മറ്റൊരു ഭാഗത്ത് കുമ്മായം അടര്‍ന്നുവീണത് കണ്ടെങ്കിലും അത്ര കാര്യമാക്കിയില്ല.

ചുമരിലെ വിള്ളല്‍ കണ്ടപ്പോള്‍ പക്ഷേ, ഭീതിതോന്നി. രജീഷ് അപ്പോള്‍ത്തന്നെ ഭാര്യ പ്രീതയെയും മക്കളായ രാഗയെയും ഋഗ്വേദിനെയും വിളിച്ചു. മക്കളെയും ചായകുടിക്കുകയായിരുന്ന ഭാര്യയെയും കൂട്ടി വീട്ടില്‍നിന്ന് പുറത്തിറങ്ങി. അപ്പോള്‍ സി.വിജയന്‍, ബി.പ്രേമന്‍, പി.സി.വത്സന്‍ എന്നിവര്‍ കൂട്ടുകാരനായ രജീഷിനെ കാണാന്‍ വീട്ടുമുറ്റത്തെത്തിയിരുന്നു. ഒരു മിനിറ്റ് വേണ്ടിവന്നില്ല, വന്‍ ശബ്ദത്തോടെ വീടിന്റെ മേല്‍ക്കൂരയും ചുമരും നിലംപൊത്തി. ഇപ്പോള്‍ അടുക്കളയും അതിനോട് ചേര്‍ന്ന വരാന്തയുടെ ചെറിയൊരുഭാഗവും മാത്രമേ ബാക്കിയുള്ളൂ. ഫര്‍ണിച്ചറും വീട്ടുപകരണങ്ങളും തകര്‍ന്നടിഞ്ഞു.

തത്കാലം കൊമ്മല്‍വയലില്‍ സഹോദരിയുടെ വീട്ടിലേക്ക് മാറിത്താമസിക്കാനാണ് രജീഷിന്റെ തീരുമാനം. ഏകദേശം 90 വര്‍ഷം പഴക്കമുള്ളതാണ് ചെങ്കല്ലും മരവും ഓടും ഉപയോഗിച്ച് നിര്‍മിച്ച വീട്. ജ്ഞാനോദയ യോഗം ഭരണസമിതി മുന്‍ ഡയറക്ടറാണ് രജീഷ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്തമഴ പെയ്തപ്പോള്‍ വരാന്തയുടെ ചവിട്ടുപടിവരെ വെള്ളം കയറിയിരുന്നു.