കൂത്തുപറമ്പ്: കാറില്‍ വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന മയക്കുഗുളികകളും കഞ്ചാവുമായി യുവാവിനെ കൂത്തുപറമ്പ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. തലശ്ശേരി പുന്നോല്‍ സ്വദേശി നിസാറാണ് (35) അറസ്റ്റിലായത്. കാറില്‍നിന്ന് 672 മയക്കുഗുളികകളാണ് കണ്ടെടുത്തത്. കാറിന്റെ പ്ലാറ്റ്‌ഫോമിന്റടിയില്‍ സൂക്ഷിച്ച നിലയില്‍ 26 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൂക്കോട്ടുവെച്ചാണ് പ്രതിയെ പിടികൂടിയത്. നിര്‍ത്താതെ പോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം മയക്കുഗുളികകള്‍ വില്പന നടത്താറുണ്ടെന്ന് ചോദ്യംചെയ്യലില്‍ നിസാര്‍ സമ്മതിച്ചെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

കൂത്തുപറമ്പ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.വി.പ്രഭാകരന്‍, കൂത്തുപറമ്പ് സര്‍ക്കിളിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.എസ്.പുരുഷോത്തമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ പി.സി.ഷാജി, ടി.രവീന്ദ്രന്‍, കെ.കെ.ബിജു, പി.ജലീഷ്, അനീഷ്‌കുമാര്‍, ബാബു ജയേഷ്, ചന്ദ്രശേഖരന്‍, ഇസ്മയില്‍ എന്നിവരും ഉണ്ടായിരുന്നു.
കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.