കണ്ണൂര്‍: മാത്തിലിലെ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ബാങ്ക് 1977 ഏപ്രിലില്‍ തുടങ്ങിയതാണ്. ഈ മേഖലയിലെ കാര്‍ഷികരംഗത്ത് വലിയ സാമ്പത്തികവളര്‍ച്ചയും നേട്ടവും ഉണ്ടാക്കുന്നതില്‍ 40 വര്‍ഷത്തെ ചരിത്രമാണ് ബാങ്കിന്. വൈകീട്ട് ബാങ്ക് അടയ്ക്കാന്‍ പോകുന്നതിന് തൊട്ടുമുന്‍പാണ് മാനേജരായ പി.ഗണേശനെ കാണുന്നത്.

ഗ്രാമങ്ങളിലെ ക്ഷാമവും മാന്ദ്യവുമൊക്കെ എളുപ്പം മനസ്സിലാകുക ഞങ്ങളെപ്പോലുള്ള ബാങ്കുകാര്‍ക്കാണ്. ഇടപാടുകാരുടെ പ്രതിസന്ധി ഇവിടത്തെ വായ്പാ തിരിച്ചടവിലൊക്കെ ഉടന്‍ പ്രതിഫലിക്കുമല്ലോ -അദ്ദേഹം പറഞ്ഞു.

സ്വര്‍ണപ്പണയം കുറച്ച് മാസങ്ങളായി കൂടുന്നുണ്ട്. 1500 രൂപയ്ക്കുവരെ അത്യാവശ്യത്തിന് സ്വര്‍ണം പണയം വെക്കാന്‍ കൊണ്ടുവന്നവരുണ്ട്. പശുവിനെ വളര്‍ത്താനായി വായ്പ എടുത്തവരില്‍ അഞ്ചെട്ടുപേര്‍ക്ക് അത് തിരിച്ചടക്കാനാവുന്നില്ല. ചില സ്ഥലങ്ങളില്‍ ജപ്തി വ്യാപകമാണ് -അദ്ദേഹം പറഞ്ഞു.

നിക്ഷേപം കുറയുകയും കടം കൂടുകയും ചെയ്യുന്ന പ്രവണതയാണ് പല ബാങ്കുകളിലും. കന്നുകാലിരോഗം കാരണം കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടിലാണ്. എരമം ഭാഗത്ത് കവുങ്ങുകൃഷി തകര്‍ച്ചയും കര്‍ഷകരെ ബാധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ 30,000 രൂപയ്ക്ക് അടയ്ക്ക വിറ്റപ്പോള്‍ ഇക്കുറി 3000 രൂപ പോലും കിട്ടിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പിന്നെ എങ്ങനെ വായ്പയടക്കും. ചില സ്ഥലങ്ങളില്‍ ജപ്തിഭീഷണി ഉണ്ടാവുമ്പോള്‍ ഇടനിലക്കാര്‍ ഇടപെട്ട് വായ്പയടച്ച് സ്വന്തം കൈക്കലാക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട് -അദ്ദേഹം പറയുന്നു.

സാമ്പത്തിക ഞെരുക്കം പെട്ടെന്ന് തിരിച്ചറിയാന്‍ ഗ്രാമത്തിലെ പണമിടപാടുകള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ മതി. ഇരിട്ടി മലബാര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമ കെ.എ.ബാബു പറയുന്നതില്‍ കാര്യമുണ്ട്. മൊബൈല്‍ വഴി പണം അടയ്ക്കുന്ന രീതിയാണ് (മണി ഓണ്‍ മൊബൈല്‍) മറുനാടന്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ പലരും എളുപ്പത്തിനുവേണ്ടി ചെയ്യുന്നത്.

മറുനാടന്‍ തൊഴിലാളികള്‍ ആഴ്ചയിലാണ് പലപ്പോഴും പണം നാട്ടിലയക്കുക. ഇരിട്ടി, മട്ടന്നൂര്‍, ശ്രീകണ്ഠപുരം, ചെമ്പേരി തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ ഒരു ദിവസം മൂന്നുലക്ഷം രൂപയെങ്കിലും ഇങ്ങനെ അയക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ അത് ഒരു ലക്ഷത്തില്‍ താഴെയായി കുറഞ്ഞു. പണിയില്ല. അതുകൊണ്ട് കൂലിയുമില്ലാത്ത സ്ഥിതിയാണ് -മലയോരമേഖലയിലെ ഒരു വനിതാ സഹകരണസംഘത്തിലെ ജീവനക്കാരി പറഞ്ഞു.

ഇവിടെനിന്ന് 60 അക്കൗണ്ടുകള്‍ പിന്‍വലിച്ചു. നോട്ടുനിരോധനത്തിന് ശേഷമാണിത്. അതുപോലെ ബാങ്കുകളിലെ ദിനനിക്ഷേപ കളക്ഷനുകള്‍ വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു. ഇത് ജില്ലയിലെമ്പാടും പ്രകടമാണ് -ഒരു സഹകരണബാങ്ക് മാനേജര്‍ പറയുന്നു. ദിനനിക്ഷേപത്തില്‍ 25,000 മുതല്‍ 30,000 രൂപവരെ കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ 3000 മുതല്‍ 5000 രൂപവരെയാണ് പലസ്ഥലത്തുനിന്നും കിട്ടുന്നത്. പാവപ്പെട്ട ഗ്രാമീണവാസികളുടെ പ്രത്യേകിച്ചും സ്ത്രീകളുടെ നിക്ഷേപത്തിനാണ് വന്‍ ഇടിവ് തട്ടിയത്. ക്ഷീരകര്‍ഷകരുടെ ഇടയിലും ഇതുതന്നെ അവസ്ഥ.

ആള്‍ക്കാരുടെ കൈയില്‍ പണമില്ല എന്നുള്ളത് സത്യമാണ്. അത് കച്ചവടത്തിന്റെ പോക്ക് കണ്ടാല്‍ മനസ്സിലാകും -ഇരിട്ടിയിലെ മലഞ്ചരക്ക് വ്യാപാരിയായ അബ്ദുല്‍ഖാദര്‍ ഹാജി പറഞ്ഞു. ഉത്പാദനം കുത്തനെ കുറഞ്ഞു. ഉള്ളതിന് വിലയുമില്ല. പണമില്ലാത്തതിനാല്‍ തെങ്ങിനും റബ്ബറിനും ഒന്നും പണിയെടുപ്പിക്കുന്നില്ല. പിന്നെയെങ്ങനെ ഉത്പാദനം കൂടും.

തേങ്ങയ്ക്ക് ഇപ്പോ നല്ല വിലയില്ലേ... പക്ഷേ, എവിടെ തേങ്ങ -അദ്ദേഹം ചോദിക്കുന്നു. പണിയെടുത്താലല്ലെ തെങ്ങു വല്ലോം തരൂ. രാസവളത്തിനെന്തൊ വെല. കൂലിയെത്രയാ... ഒന്നും പറ്റില്ല.. റബ്ബര്‍ടാപ്പിങ്ങില്‍ ഇവിടെ തമിഴന്‍മാരാണ്. പക്ഷേ, കൃഷി മോശായതോടെ അവരില്‍ പലരും തിരിച്ചുപോയി. റബ്ബര്‍വരവിന്റെ തോതും കുത്തനെ കുറഞ്ഞു. റബ്ബര്‍ സംസ്‌കരണത്തിന്റെ ചെലവ് കൂടിയത് വേറെ കാര്യം.

ഫോമിക് ആസിഡിന്റെ വില ജി.എസ്.ടി. വന്നതോടെ 105-ല്‍നിന്ന് 205 ആയി -അദ്ദേഹം പറയുന്നു. എടക്കാനത്തെ റബ്ബര്‍ കര്‍ഷകനായ ദാമോദരന്‍ എടക്കാനം ഇപ്പോള്‍ തിരിച്ചുവരുന്ന പാട്ടകൃഷിയെ കുറിച്ചാണ് പറയുന്നത്. ഉടമകള്‍ കൃഷി കിട്ടിയ വിലയ്ക്ക് പാട്ടത്തിനു കൊടുക്കുകയാണ്.

യാത്രയില്‍ മലയോരമേഖലയായ അങ്ങാടിക്കടവിലെ ഒരു ബേക്കറിയിലും കയറി. മാന്ദ്യം എളുപ്പത്തില്‍ ബാധിക്കുന്ന സ്ഥലമാണ് ബേക്കറി. ബേക്കറി മധുരങ്ങള്‍ അവശ്യവസ്തുവല്ല. പണം ഉണ്ടെങ്കില്‍ നന്നായി മധുരം വാങ്ങും, ഇല്ലെങ്കില്‍ അങ്ങോട്ട് തിരിഞ്ഞുനോക്കില്ല. അതുകൊണ്ടുതന്നെ ബേക്കറി അളവുകോലാണ്. തുണിക്കച്ചവടത്തിലും ഇതു പ്രകടമാണ്. അഞ്ചാറുമാസമായി കച്ചവടം വളരെ മോശമാണ്, ബേക്കറിയില്‍ പ്രത്യേകിച്ചും -ജൂബി ബേക്കറി ഉടമ ജൂബി പറഞ്ഞു.

ആദിവാസിമേഖലയില്‍ എന്തു സംഭവിക്കുന്നു എന്ന് ആരും പരിശോധിക്കുന്നില്ല. ചെറുകിട തൊഴില്‍ ഇല്ലാതായതോടെ അവര്‍ എങ്ങനെ ജീവിക്കുന്നു എന്നുപോലും പറയാന്‍ പറ്റില്ല. മൂന്നുനേരം ചക്ക തിന്നാണ് പല ആദിവാസികളും വിശപ്പടക്കുന്നത് -ആറളത്തെ ഒരു ആദിവാസി മൂപ്പന്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ ശരിക്കും പ്രകടമാണ്. നിക്ഷേപം കുറയുന്നുണ്ട്. ഒപ്പം സ്വര്‍ണപ്പണയവായ്പ കൂടുന്നു. തിരിച്ചടവ് വന്‍തോതില്‍ കുറയുന്നു. എല്ലാ ഗ്രാമീണമേഖലയിലെ ബാങ്കുകളിലെയും സി.ഡി. റേഷ്യോ നോക്കിയാല്‍ ഇത് മനസ്സിലാക്കാം.

-പി.കെ.പ്രവീണ്‍കുമാര്‍, പാനൂര്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്.