കണ്ണൂര്‍: വളപട്ടണം പ്ലൈവുഡ്‌സിന് സമീപമുള്ള ഓട്ടോ സ്റ്റാന്‍ഡ്. സമയം പകല്‍ 11മണി. ഓട്ടമില്ലാതെ നിരനിരയായി കിടക്കുകയാണ് ഓട്ടോറിക്ഷകള്‍. പണിയൊക്കെയെങ്ങനെ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് നാലാം വരിയിലെ ഓട്ടോക്കാരനായ നൗഷാദ്. പിന്നെയെല്ലാ ഓട്ടോക്കാരും ഏറ്റുപിടിച്ചു. ഏഴുവര്‍ഷമായി നൗഷാദ് ഇവിടെ ഓട്ടോ ഓടിക്കുന്നു. ഇതുവരെ ഇത്തരം പ്രതിസന്ധിയുണ്ടായില്ല. 1000 മുതല്‍ 1500 രൂപ വരെ ദിവസവരുമാനം കിട്ടിയേടത്ത് ഇപ്പോള്‍ 150 മുതല്‍ അഞ്ഞൂറു രൂപവരെ.

പ്ലൈവുഡ്‌സിലും പണിയും ഓവര്‍ടൈമും ഒക്കെ കുറഞ്ഞു. മറുനാടന്‍ തൊഴിലാളികളും സ്ഥലംവിടുന്നു. ''നേരത്തെ അമ്പതു രൂപ കൊടുത്ത് ഓട്ടോപിടിച്ചവര്‍ ദാ ആ പാലം വരെ നടന്ന്, പിന്നെ ഓട്ടോയ്ക്കു പോകുന്നു. അപ്പോ 25 ഉറുപ്യക്ക് യാത്ര ഒക്കും. ആള്‍ക്കാരുടെ കൈയില്‍ കായില്ല, പറഞ്ഞിറ്റെന്തു കാര്യം'' -നൗഷാദ് നിഷ്‌കളങ്കമായി ചിരിച്ചിട്ട് പറയുന്നു.

മിക്ക ഓട്ടോ കവലകളിലെ അനുഭവങ്ങളും ഇതൊക്കെത്തന്നെ. പണമില്ലാത്തതിനാല്‍ ഓട്ടോയാത്ര കുറയ്ക്കുന്നുണ്ട്. അതാണ് അറിയപ്പെടാത്ത മാന്ദ്യത്തിന്റെ തെളിവ്.

മാട്ടൂല്‍ സെന്ററിലെ നബീല്‍ ചിക്കന്‍സ്റ്റാള്‍ ഉടമ പി. മുസ്തഫ, ചോദിക്കുന്നതിനുമുന്‍പുതന്നെ, ഒരുവര്‍ഷമായി കച്ചവടത്തിലെ പ്രതിസന്ധി ഇങ്ങോട്ടു തുറന്നുപറഞ്ഞു. മീനിന് വിലകൂടിയാലും കുറഞ്ഞാലും ആള്‍ക്കാര്‍ ചിക്കന്‍ വാങ്ങുന്നത് ശീലമായിരുന്നു. ഇതേ കടയില്‍നിന്ന് ദിവസം മൂവായിരത്തിലധികം രൂപയുടെ ചിക്കന്‍ വിറ്റിരുന്നു. ഇപ്പോ 1000 മുതുല്‍ 1500 വരെ. പത്തുവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഈ അവസ്ഥ. പ്രതിമാസം കടയ്ക്ക് 1200രൂപ വാടക കൊടുക്കണം. ഒരുദിവസം 250 രൂപയെങ്കിലും കിട്ടിയാല്‍ ഭാഗ്യം -അദ്ദേഹം പറയുന്നു. കുടുംബമൊന്നും ഒരു നിലയ്ക്കായില്ല. പ്രതീക്ഷയുണ്ടായിരുന്ന മൂത്തമകന്‍ കുപ്പത്ത് ബസ്സപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായി. ആറരവര്‍ഷമായി അബോധാവസ്ഥയിലാണ്. എന്നും മരുന്നുവേണം. പിന്നെ രണ്ടുപേരില്‍ ഒരാള്‍ പഠിക്കുന്നു, ഒരാള്‍ ജോലിയെടുക്കുന്നു. എനിക്ക് മറ്റൊരു ജോലിയും അറിയില്ല -മുസ്തഫ നിരാശയോടെ പറഞ്ഞു.

സഞ്ചാരികള്‍ വളരെ കുറവ്. അതിന്റെ വിഷമം പാര്‍ക്കിനുള്ളിലെ സ്റ്റാള്‍ വില്‍പ്പനക്കാരനായ ഹസ്സന്റെ മുഖത്തും. 80,000 രൂപ ഡിപ്പോസിറ്റു നല്‍കി സ്റ്റാള്‍ വാങ്ങിയതാണ്. മാസം 7000രൂപ വാടകയും. കച്ചവടം നന്നേ കുറവ്. ''പൈസണ്ടങ്കിലേ സന്തോഷം ബെരൂ. അപ്പളേ സഞ്ചാരക്കാരും ണ്ടാവൂ'' -അതാണ് സ്റ്റാളുകാരന്റെ ധനതത്ത്വശാസ്ത്രം. വൈകുന്നേരങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി ഒരുപാടുപേര്‍ മുന്‍പ് വരാറുണ്ടായിരുന്നു. ഇപ്പോള്‍ ആള്‍ക്കാര്‍ വളരെ കുറഞ്ഞു.

മാട്ടൂലില്‍നിന്നു നേരേ മാത്തില്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ സാമാന്യം മേശമല്ലാത്ത തുണിക്കടയില്‍ ഒന്നു കയറി. ആള്‍ വളരെ കുറവ്. ധന്യാ സില്‍ക്‌സ് ഉടമ ഖാലിദ് ഇടക്കാലത്തുണ്ടായ സാമ്പത്തികപ്രതിസന്ധിയെ കുറിച്ച് വ്യക്തമായി പറഞ്ഞു. എരമം, ആലക്കാട്, മാത്തില്‍, ആലപ്പടമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ആള്‍ക്കാര്‍ തന്നെയാണ് സ്ഥിരമായി കടകളില്‍ എത്തിക്കൊണ്ടിരുന്നത്. മുന്‍കാലങ്ങളില്‍ നല്ല കച്ചവടം. ആള്‍ക്കാരുടെ കൈയില്‍ പൈസ നന്നായുണ്ടായിരുന്നു; റബ്ബറിനും കുരുമുളകിനൊക്കെ നല്ല വിലയല്ലേ. ഇപ്പോള്‍ എല്ലാം കുത്തനെയിടിഞ്ഞു. ഇവിടെത്തെ ചെങ്കല്‍പ്പണകളിലും മറ്റും ഒരുപാട് മറുനാടന്‍ തൊഴിലാളികള്‍ ഉണ്ടായിരുന്നു. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ പലരും നാടുവിട്ടു. മറുനാടന്‍ തൊഴിലാളികള്‍ തുണി നന്നായി വാങ്ങും. നാട്ടില്‍ പോകുമ്പോഴും തുണി വാങ്ങും. പിന്നെ മറ്റൊരു കച്ചവടം കോഴിയാണ്. എന്നും കൂട്ടമായി വന്നു കോഴി വാങ്ങും. ദാ ഇപ്പോ കോഴിക്കടകള്‍വരെ പ്രതിസന്ധിയിലാണ്.

റബ്ബറിന് വില കുറഞ്ഞതോടെ ആരും കൃഷി ചെയ്യുന്നില്ല. ടാപ്പിങ് കുറവ്. അതോടെ ആ മേഖലയിലെ പണിയും കുറഞ്ഞു. കശുവണ്ടിക്കാടുകള്‍ വെട്ടിയാണ് പലരും റബ്ബര്‍ നട്ടത്. ഇപ്പോള്‍ രണ്ടും പോയ സ്ഥിതിയായി.

മുന്‍പ് 35 ലക്ഷത്തിനെടുത്ത സ്ഥലം 15 ലക്ഷത്തിനെടുക്കാന്‍ ആളില്ല. റിയല്‍ എസ്റ്റേറ്റ് മേഖലയാകെ തകര്‍ന്നു. ചെറിയ സ്ഥലംകൈമാറ്റം ഉണ്ടെങ്കില്‍ പണം നാട്ടിലിറങ്ങും. അപ്പോള്‍ നിര്‍മാണപ്രവൃത്തിയും നടക്കും. അതൊന്നുമില്ല. അതിനനുബന്ധമായിത്തന്നെയാണ് മാത്തില്‍ കരാറുകാരനായ ആലപ്പടമ്പ് സ്വദേശി പി.കെ. നാരായണനും പറഞ്ഞത്. കല്‍പ്പണത്തൊഴിലാളികള്‍ അമ്പത് ശതമാനവും തിരിച്ചുപോയി. സിമന്റ്, കല്ല്, മണല്‍ എന്നിവയ്‌ക്കൊക്കെ വിലകൂടി. അതോടെ നിര്‍മാണമേഖലയും തളര്‍ന്നു. നൂറുകണക്കിന് തൊഴിലാളികള്‍ക്ക് പണിയില്ലാതായി. ഇവര്‍ക്ക് കൂലി കിട്ടിയിട്ടുവേണ്ടേ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ -അദ്ദേഹം ചോദിക്കുന്നു. അഞ്ചാറുമാസമായി കെട്ടിടനിര്‍മാണജോലിയില്ല. കണ്ണൂരിലെ വ്യവസായ വികസന ഓഫീസില്‍ പോയാല്‍ ഇതിന്റെ പ്രതിസന്ധിയുടെ ചിത്രം നിങ്ങള്‍ക്ക് മനസ്സിലാകും -അദ്ദേഹം പറയുന്നു.തുടരും