എടക്കാട് : കൊട്ടയാട് ശിവ പാര്‍വതി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണത്താലി കവര്‍ന്നതുള്‍പ്പെടെ നിരവധി കേസില്‍പ്പെട്ടയാള്‍ പോലീസ് പിടിയില്‍. പാനൂര്‍ ഏലാങ്കോട് സ്വദേശി അബൂബക്കര്‍ (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി കിഴുന്ന ആലിങ്കില്‍ യോഗീശ്വര സന്നിധാനത്തിനടുത്ത് റോഡില്‍ പതുങ്ങി നില്‍ക്കുകയായിരുന്നു.
 
മാര്‍ച്ച് 12-നാണ് താലി മോഷണം പോയത്. ചക്കരക്കല്‍ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ എട്ട് കേസുകള്‍ നിലവിലുണ്ട്. എടക്കാട്ടെ മറ്റൊരു കേസില്‍ കഴിഞ്ഞ നവംബറിലാണ് ഇയാള്‍ ജയില്‍ മോചിതനായത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. സിറ്റി സി.ഐ. കെ.വി. പ്രമോദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. തലശ്ശേരി കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.