ചിറ്റാരിപ്പറമ്പ്: ചെന്നപ്പൊയിലില്‍ വ്യാപകമായി കാര്‍ഷികവിളകള്‍ നശിപ്പിച്ച കണ്ണവംവനത്തിലെ കാട്ടാനക്കൂട്ടം കഴിഞ്ഞ ദിവസം രാത്രി പന്നിയോട്ടെത്തി. ഗ്രാമപ്പഞ്ചായത്തിലെ പൂഴിയോട് വാര്‍ഡിലെ പന്നിയോട്, അതിര്‍ക്കുഴി പ്രദേശങ്ങളിലെ കാര്‍ഷികവിളകളാണ് കാട്ടാനകള്‍ കൂട്ടമായി നശിപ്പിച്ചത്.

പന്നിയോട്ടെ ചെന്നപ്പൊയില്‍ ദാരപ്പന്റെ വീട്ടുപറമ്പിലെ തെങ്ങും കാര്‍ഷികവിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നപ്പൊയിലില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം കൊടന്നോടന്‍ കുങ്കന്‍, ചന്തു, കേളപ്പന്‍, കുംഭ, മാലതി, ശാന്ത, കരുണന്‍, പുന്നേരിയിലെ പി.ഭാസ്‌കരന്‍ എന്നിവരുടെ അന്‍പതോളം തെങ്ങുകള്‍, കവുങ്ങുകള്‍, കുലച്ച രണ്ടായിരത്തോളം വാഴകള്‍ എന്നിവ നശിപ്പിച്ചിരുന്നു.

ചെന്നപ്പൊയില്‍, പന്നിയോട് പ്രദേശങ്ങളിലെ ജനവാസകേന്ദ്രങ്ങളില്‍ ആദ്യമായാണ് കാട്ടാനക്കൂട്ടം എത്തിയത്. പകലും രാത്രിയും കാട്ടാനകള്‍ ഇറങ്ങിനടക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ പറ്റാതായി.

വഴികളുടെ ഇരുവശവും വനമായതിനാല്‍ ആനകളുടെ മുന്നില്‍ പെട്ടാല്‍ ഓടിരക്ഷപ്പെടാനും കഴിയില്ല. കണ്ണവത്തുനിന്ന് പൂഴിയോട്-പന്നിയോട് വഴി ചെന്നപ്പൊയിലിലേക്ക് വാഹനങ്ങള്‍ ഓട്ടം നിര്‍ത്തിയതോടെ പ്രദേശത്തെ നാട്ടുകാര്‍ ദുരിതത്തിലായി. ആറുകിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇപ്പോള്‍ കണ്ണവത്തുനിന്ന് ചെറുവാഞ്ചേരി നരിക്കോട് മല വഴി 18 കിലോമീറ്റര്‍ ചുറ്റിയാണ് സഞ്ചരിക്കുന്നത്.