ചിറ്റാരിപ്പറമ്പ്: മിനി സ്റ്റേഡിയം റോഡിലെ അനന്തേശ്വരത്ത് അനിതയുടെ വീട്ടില്‍ മോഷണശ്രമത്തിനിടയില്‍ കള്ളന്‍ കിണറ്റില്‍ വീണു.
 
പുലര്‍ച്ചെ നാലിന് കിണറ്റില്‍നിന്ന് വലിയ ശബ്ദംകേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വീട്ടുകാര്‍ കുളിമുറിയില്‍നിന്ന് നോക്കിയപ്പോള്‍ കിണറ്റില്‍നിന്ന് കയറി വരുന്ന മോഷ്ടാവിനെയാണ് കണ്ടത്.
 
ഇതോടെ വീട്ടുകാര്‍ വാതില്‍ അടച്ചു. സംഭവം അയല്‍വാസികളെ അറിയിക്കുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.

കിണറിന്റെ ആള്‍മറയില്‍ കയറി വീടിന്റെ മുകള്‍ഭാഗത്തേക്ക് കയറാനുള്ള ശ്രമത്തിനിടയില്‍ ഇഷ്ടിക ഇളകിയാണ് കള്ളന്‍ പതിനാല് കോല്‍ താഴ്ചയും ആറ് കോല്‍ വെള്ളവുമുള്ള കിണറ്റില്‍ വീണത്. കണ്ണവം പോലീസില്‍ പരാതി നല്‍കി.

ഇരട്ടക്കുളങ്ങരയില്‍ വീട്ടില്‍നിന്ന് മോഷ്ടാവ് 8000 രൂപ കവര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ വടക്കേകരമ്മല്‍ വി.കെ.പ്രഭാകരന്റെ വീട്ടിലാണ് മോഷണം നടന്നത്.
 
ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവ് അടുക്കളവാതില്‍ തുറന്ന് രക്ഷപ്പെട്ടു. സമീപത്തുള്ള വീടുകളില്‍ മോഷണശ്രമം നടത്തിയിട്ടുണ്ട്.