ചെറുകുന്ന്: ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്രച്ചിറ നവീകരിക്കാന്‍ പദ്ധതി തയ്യാറാകുന്നു. നാേലക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ചിറയാണിത്. ചിറക്കല്‍ കോവിലകത്തിന്റേതാണ് ക്ഷേത്രവും ചിറയും. ടി.വി.രാജേഷ് എം.എല്‍.എ. മുന്‍കൈയെടുത്താണ് ഇപ്പോള്‍ ചിറ നവീകരണത്തെക്കുറിച്ച് ആലോചിക്കുന്നത്.

ആലിന്റെ വേരിറങ്ങി ചിറയുടെ കല്ലുകളും പടവുകളും നശിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതിസൗഹൃദമായി സംരക്ഷിച്ച് കൊണ്ടായിരിക്കും ക്ഷേത്രച്ചിറ സംരക്ഷിക്കുക.

ചിറയുടെ നാല് മൂലയ്ക്കും ഓരോ പൂന്തോട്ടം, പടവുകള്‍ക്കിടയിലുള്ള സ്ഥലങ്ങളില്‍ ലാന്‍ഡ് സ്‌കേപ്പുകള്‍, പൂച്ചെടികള്‍, തുളസി, തുമ്പ, ചെടികള്‍, ചെറിയ സിമന്റ് ബെഞ്ചുകള്‍, ഹൈമാസ്റ്റ് വിളക്കുകള്‍, അലങ്കാരവിളക്കുകള്‍ തുടങ്ങിയവ ഒരുക്കും. ചിറയുടെ കിഴക്കുഭാഗവും വടക്കുഭാഗവും ചെങ്കല്ല് പാകും.

അടുത്തവര്‍ഷത്തെ വിഷുവിളക്കുത്സവത്തിന് മുന്‍പുതന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. പദ്ധതി വിവിധ സ്ഥാപനങ്ങളെ കൊണ്ടും വ്യക്തികളെ കൊണ്ടും സ്‌പോണ്‍സര്‍ ചെയ്യിച്ച് നടപ്പാക്കാനാണ് ആലോചിക്കുന്നത്.

ഇതുസംബന്ധിച്ച് ആലോചിക്കുന്നതിനായി ടി.വി.രാജേഷ് എം.എല്‍.എ. ശനിയാഴ്ച ക്ഷേത്രത്തിലെത്തി ക്ഷേത്ര ഭാരവാഹികളായ പി.കെ.പദ്മനാഭന്‍ നായര്‍, എം.വി.വത്സലന്‍ കണ്ണപുരം, ചെറുകുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.രാമകൃഷ്ണന്‍, പി.കെ.അസ്സന്‍കുഞ്ഞി മാസ്റ്റര്‍, ക്ഷേത്രച്ചിറ രൂപകല്‍പ്പനചെയ്ത ആര്‍ട്ടിസ്റ്റ് ബാലു, എന്‍.ശ്രീധരന്‍, കെ.വി.ശ്രീധരന്‍, കെ.വി.നാരായണന്‍ എന്നിവരുമായി ചര്‍ച്ച നടത്തി.

കൂടാതെ, കതിരുവെക്കുംതറ മുതല്‍ ക്ഷേത്രംവരേയുള്ള 800 മീറ്റര്‍ റോഡ് മെക്കാഡം ടാര്‍ ചെയ്യുന്നതിനും പദ്ധതിയുണ്ട്. റോഡിനിരുവശവും അലങ്കാരവിളക്കുകള്‍ സ്ഥാപിക്കും. തോട്ടാത്തോട് മുതല്‍ ക്ഷേത്രംവരേയുള്ള റോഡ് വീതി കൂട്ടി ഇരുഭാഗത്തും നടപ്പാതയും നിര്‍മിക്കും.