കാര്‍ഡുടമകള്‍ക്ക് മണിക്കൂറുകളുടെ കാത്തിരിപ്പ്
ശ്രീകണ്ഠപുരം:
റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയ ഇ- പോസ് യന്ത്രം ജനങ്ങള്‍ക്ക് നല്‍കുന്നത് ദുരിതം മാത്രം. മിക്ക റേഷന്‍ കടകളിലും മണിക്കൂറുകളുടെ കാത്തിരിപ്പാണ് കാര്‍ഡുടമകള്‍ക്ക് വേണ്ടിവരുന്നത്.

റേഷന്‍ കടയുടമകളും കാര്‍ഡുടമകളും തമ്മിലുള്ള തര്‍ക്കം മിക്കയിടത്തും പതിവായിട്ടുണ്ട്.

പലരുടെയും വിരല്‍ യന്ത്രത്തില്‍ പതിപ്പിക്കുമ്പോള്‍ ശരിയാവാത്തതാണ് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നത്. സിമന്റ് ഉപയോഗിച്ചുള്ള പണികളും മറ്റും ചെയ്യുന്നവരുടെ വിരലടയാളം പതിക്കുന്നത് ഈ യന്ത്രങ്ങളില്‍ ശരിയാവുന്നില്ല. ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ക്കും റേഷന്‍ ലഭിക്കുന്നില്ല. ഇ-പോസ് യന്ത്രത്തിന്റെ സംസ്ഥാനതല നെറ്റ്വര്‍ക്കും പലപ്പോഴും തകരാറിലാണ്. വൈദ്യുതി കുറഞ്ഞ് യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതും പല കടകളിലും റേഷന്‍ വിതരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മറ്റുള്ളവരെ ആശ്രയിച്ച് റേഷന്‍ സാധനങ്ങള്‍ വാങ്ങുന്ന വയോജനങ്ങള്‍ക്കും പുതിയ സംവിധാനം ദുരിതമാണ്. കാര്‍ഡില്‍ പേരുള്ളവര്‍ക്ക് മാത്രമേ ഇപ്പോഴത്തെ സംവിധാനം വഴി റേഷന്‍ ലഭിക്കുകയുള്ളൂ. റേഷന്‍ കടകളില്‍ നേരിട്ട് പോകാന്‍ കഴിയാത്ത വയോജനങ്ങള്‍ക്കും രോഗബാധിതര്‍ക്കും ഇപ്പോള്‍ റേഷന്‍ കിട്ടാത്ത സ്ഥിതിയുണ്ട്.