പോലീസ് ജാഗ്രതയില്‍


ഇരിട്ടി:
ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ഇരിട്ടിമേഖലയില്‍ ബുധനാഴ്ച വൈകിട്ട് 50-തോളം കേന്ദ്രങ്ങളില്‍ ശോഭായാത്ര നടത്തും. സി.പി.എമ്മിന്റെ 'നമ്മളൊന്ന്' ഘോഷയാത്ര 12 കേന്ദ്രങ്ങളില്‍ നടക്കും.
ഇരു ഘോഷയാത്രകളും ഒരേസമയത്ത് പലകേന്ദ്രങ്ങളിലും നടക്കുന്നതിനാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇരു ഘോഷയാത്രകളും മുഖാമുഖം വരാതിരിക്കാന്‍ സംഘാടകര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പ്രത്യേക പോലീസ് പിക്കറ്റ് പോസ്റ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വള്ള്യാട്, കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രം, പയഞ്ചേരി വായനശാലാ പരിസരം, പെരുമ്പറമ്പ് ലക്ഷ്മീ നരസിംഹക്ഷേത്രം, മാടത്തില്‍ സ്‌കൂള്‍ പരിസരം എന്നിവിടങ്ങളില്‍ തുടങ്ങുന്ന ശോഭായാത്ര ഇരിട്ടി പഴയ സ്റ്റാന്‍ഡ് പരിസരത്ത് സംഗമിച്ച് കീഴൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും.
പുന്നാട് അക്കാനിശ്ശേരി മഠം, പുന്നാട്ടപ്പന്‍ മഹാവിഷ്ണുക്ഷേത്രം, കുഴുമ്പില്‍ മഹാവിഷ്ണുക്ഷേത്രം, അത്തപുഞ്ച, ശങ്കരി ശിശുമന്ദിരം എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്ര പുന്നാട് ടൗണില്‍ സംഗമിച്ച് കോട്ടത്തെക്കുന്ന് വൈരീഘാതകന്‍ ക്ഷേത്രത്തില്‍ സമാപിക്കും.
മീത്തലെ പുന്നാട്, പാറങ്ങോട്, ഐതപ്പൊയില്‍, ഊര്‍പ്പള്ളി, കല്ലംകോട്, ഇല്ലംമൂല, താവിലാക്കുറ്റി എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്ര പുന്നാട് ടൗണില്‍ സംഗമിച്ച് മിത്തലെ പുന്നാട് ചെലപ്പൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ സമാപിക്കും. പടിക്കച്ചാല്‍മുച്ചിലോട്ട് ഭഗവതിക്ഷേത്രം, ഉളിയില്‍ കാക്കടവത്ത് മുച്ചിലോട്ട് ഭഗവതിക്ഷേത്രം എന്നിവിടങ്ങളില്‍നിന്നാരംഭിച്ച് ഉളിയില്‍ പാലത്തിന് സമീപം സംഗമിച്ച് ടൗണ്‍ ചുറ്റി പടിക്കച്ചാല്‍ സ്‌കൂള്‍ പരിസരത്ത് സമാപിക്കും.
തില്ലങ്കേരി കാരക്കുന്ന് കിളക്കകത്ത് ദേവീക്ഷേത്രത്തില്‍നിന്നാരംഭിക്കുന്ന ശോഭായാത്ര തെക്കംപൊയില്‍ ചാളപ്പറമ്പ് വഴി വാഴക്കാല്‍, വേങ്ങരച്ചാല്‍ എന്നിവിടങ്ങളിലെ ശോഭായാത്രയ്‌ക്കൊപ്പം കാര്‍ക്കോട് അയ്യപ്പന്‍ക്ഷേത്രം, ആലയാട് നൂഞ്ഞിക്കര മഠപ്പുരക്ഷേത്രം വഴി പഞ്ചായത്ത് ഓഫീസ് പരിസരത്ത് സംഗമിച്ച് മഹാശോഭായാത്രയായി കുട്ടിമാവിന്‍കീഴ് വഴി ആലയാട് സ്‌കൂള്‍ പരിസരത്തുകൂടി പനക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിക്കും. കീഴൂര്‍കുന്ന് ഗണപതിക്ഷേത്രത്തില്‍നിന്നും പാലാപ്പറമ്പ് ഭാഗത്തുനിന്നും ആരംഭിക്കുന്ന ശോഭായാത്ര പുന്നാട് ടൗണ്‍ ചുറ്റി കീഴൂര്‍കുന്ന് ഗണപതിക്ഷേത്രത്തില്‍ സമാപിക്കും.
പടിയൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍നിന്നാരംഭിച്ച് ടൗണ്‍ വഴി പൊടിക്കളം ഭഗവതിക്ഷേത്രത്തിലും വട്ട്യറയില്‍നിന്നാരംഭിച്ച ശോഭായാത്ര കരിയാല്‍ മുത്തപ്പന്‍ ക്ഷേത്രം വഴി കൊട്ടത്തലച്ചി കാവിലും സമാപിക്കും. ആറളം കീച്ചേരി മഹാവിണുക്ഷേത്രത്തില്‍നിന്നാരംഭിച്ച് പെരുംപഴശ്ശി വഴി ആറളം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലൂടെ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
കുയിലൂര്‍ ഭജനമഠത്തില്‍ നിന്നാരംഭിക്കുന്ന ശോഭായാത്ര കുയിലൂര്‍ ശിവക്ഷേത്രത്തില്‍ സമാപിക്കും. ക്ഷേത്രങ്ങളില്‍ വിശേഷാല്‍പൂജകളും പായസദാനവും ഉണ്ടാവും.

സി.പി.എമ്മിന്റെ 'നമ്മളൊന്ന്' ഘോഷയാത്ര ചാവശ്ശേരി, ഇരിട്ടി, മാടത്തില്‍, പായം, വള്ളിത്തോട്, ആറളം, വീര്‍പ്പാട്, കരിക്കോട്ടക്കരി, വാണിയപ്പാറ, പേരട്ട, ഉളിക്കല്‍, പൊയൂര്‍ക്കരി, കുയിലൂര്‍ എന്നിവിടങ്ങളിലാണ് നടക്കുന്നത്. ചാവശ്ശേരി, വള്ളിത്തോട്, വീര്‍പ്പാട്, വാണിയപ്പറ, പേരട്ട എന്നിവിടങ്ങളില്‍ സാംസ്‌കാരിക സമ്മേളനവും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടത്തും.